Wednesday, November 3, 2010

'ഉറുമി'- മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം


പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണവുമായാണ് സന്തോഷ്‌ ശിവന്റെ ഉറുമി വരുന്നത്. 22 കോടിയിലേറെ ചെലവു വരുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രം മലയാളത്തില്‍ നിന്നുള്ള ആദ്യ ലോക ചിത്രം എന്ന പ്രത്യേകത അവകാശപ്പെടുന്നു. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഈ വിശേഷണത്തിന് സാധൂകരണം നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യം കാലുകുത്തിയ യൂറോപ്യന്‍ നാവികനായ വാസ്‌കോ ഡ ഗാമയെ വധിക്കാന്‍ ശ്രമിച്ച ഒരു സംഘത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. അതായത് പതിനഞ്ചാം നൂറ്റാണ്ടിലെ പശ്ചാത്തലമാണ് ഉറുമിയില്‍ കാണാനാവുക.

ഇത്രയും പണം മുടക്കി ചിത്രം നിര്‍മിക്കുന്നത് വ്യക്തമായ വിപണി കണ്ടു കൊണ്ടുതന്നെയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരേ സമയമാണ് ചിത്രം ഒരുക്കുന്നത്.'എ ബോയ്‌ ഹൂ വാണ്ടഡ് ടു കില്‍ വാസ്‌കോഡ ഗാമ' എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍ തന്നെ. ചിത്രത്തെ വിവിധ ചലച്ചിത്ര മേളകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ചിത്രത്തിന്റെ നിര്‍മാതാക്കളായ സന്തോഷ്‌ ശിവനും പൃഥ്വിരാജിനുമുണ്ട്.

പൃഥ്വിരാജ് ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. കേരളത്തിലെത്തിയ വാസ്‌കോ ഡ ഗാമയെ വധിക്കാന്‍ ശ്രമിച്ച സംഘത്തിന്റെ തലവനായ കേളുനായര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഉറുമിയിലൂടെ വെളളിത്തിരയിലെത്തിക്കുന്നത്‌. പൃഥ്വിയുടെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്‌തമായ വേഷമാണ്‌ ഇത്. യോദ്ധാവായ ഈ കഥാപാത്രത്തിനായി പൃഥ്വി കളരി ഉള്‍പ്പടെയുള്ള ആയോധനകലകള്‍ അഭ്യസിച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ആയോധന കലയായ കളരിക്ക്‌ സിനിമയില്‍ ഏറെ പ്രാധാന്യം ഉണ്ട്‌. ഉറുമി എന്ന ആയുധത്തിന്റെ പേരാണ്‌ ചിത്രത്തിനും.

താര പ്രമുഖരെക്കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തിലെ നായിക ജെനീലിയയാണ്. മലയാളത്തിലെ ജെനീലിയയുടെ അരങ്ങേറ്റ ചിത്രമാണിത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ രാജകുമാരി അറയ്ക്കല്‍ ആയിഷയായി ജെനീലിയ അഭിനയിക്കുന്നു. പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന കേളു നായനാരുടെ ഉറ്റ ചങ്ങാതിയായ വാവലിയുടെ വേഷം ചെയ്യുന്നത് പ്രഭുദേവയാണ്. മുഴുനീള കഥാപാത്രമാണ് പ്രഭുവിനും. മലയാളത്തില്‍ പ്രഭുദേവ അഭിനയിക്കുന്നതും ആദ്യമാണ്. താബുവാണ് മറ്റൊരാകര്‍ഷണം. ബോളിവുഡ് നായിക വിദ്യാബാലന്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ വരുന്നു. നിത്യമേനോന്‍, ഇന്ദ്രജിത്ത്, ചന്ദന്‍ റോയി എന്നിവരും അഭിനയിക്കുന്നു.

ഉറുമിയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ണമായി മഹാരാഷ്‌ട്രയിലെ ഉള്‍വനത്തിലാണ്‌ ചിത്രീകരിച്ചത്. സന്തോഷ്‌ ശിവനാണ് മാല്‍ഷെജ് ഘട്ട് പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തത്. ഇതിലെ ക്ലൈമാക്സ് സീന്‍ മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ളതാണത്രേ. 100ലേറെ കുതിരകളും ആയിരത്തിലേറെ യോദ്ധാക്കളും അണിനിരന്ന ലൊക്കേഷന്‍ കണ്ടാല്‍ ശരിക്കും യുദ്ധമാണെന്ന്‌ തോന്നിപ്പോകുമായിരുന്നുവത്രേ. പ്രേക്ഷകര്‍ക്കായി മറ്റു ചില സസ്പെന്‍സുകളും ഉണ്ടാവുമത്രേ.

ചരിത്രവും ഫാന്റസിയും ഒരുമിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്‌ണനാണ്‌. 'ആഗസ്റ്റ്‌ സിനിമ'യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ്‌ ശിവനും വ്യവസായിയായ ഷാജി നടേശനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ്‌ ശിവന്‍ തന്നെയാണ്. ദീപക് ദേവിന്റെതാണ് സംഗീതം. എഡിറ്റിംഗ് - ശ്രീകര്‍ പ്രസാദ്.