Wednesday, November 24, 2010

മോഹന്‍ലാലിനുള്ളില്‍ മറ്റൊരു ലാലുണ്ട്: ജഗദീഷ്


ലോകം ഇപ്പോള്‍ കാണുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിക്കുള്ളില്‍ മറ്റൊരു ലാലുണ്ടെന്ന് നടന്‍ ജഗദീഷ്. ഒരു പ്രമുഖ മലയാള വാരികയിലെഴുതിയ ‘മോഹന്‍ലാലിനെക്കുറിച്ചുള്ള കുറിപ്പി’ലാണ് ജഗദീഷ് ഇങ്ങനെ പറയുന്നത്. പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ കാണുന്ന ലാലിനുള്ളില്‍ തികച്ചും വ്യത്യസ്തനായ മറ്റൊരു ലാലുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുന്നു.

തമാശകള്‍ പറയുകയും ലാളിത്യത്തോടെ പെരുമാറുകയും ചെയ്യുന്ന ലാലിന്‍റെ ആത്മീയമായ മുഖത്തെക്കുറിച്ചാണ് ജഗദീഷ് വ്യക്തമാക്കിയത്. അന്ധവിശ്വാസമെന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും ലാലിന് അങ്ങനെയല്ലെന്ന് ജഗദീഷ് പറയുന്നു. ഉദാഹരണത്തിന് യക്ഷി - ഗന്ധര്‍വന്‍‌മാരെയെടുക്കാം. അവയുടെ രൂപാന്തരീകരണം മുതലുള്ള കാര്യങ്ങള്‍ ലാല്‍ വിസ്തരിക്കും. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് അലഞ്ഞുതിരിയുന്ന വഴികളും അതിന്‍റെ കാരണങ്ങളും ലാല്‍ വ്യക്തമായി പറഞ്ഞുതരും. ഇതു സംബന്ധിച്ച പുസ്തകങ്ങളെല്ലാം ലാലിന്‍റെ ശേഖരത്തിലുണ്ട് - ജഗദീഷ് പറയുന്നു.

ആത്മീയതയും അതീന്ദ്രിയതയും വേദവും മന്ത്രവുമെല്ലാം ഒരു ഋഷിവര്യന്‍റെ അവധാനതയോടെ മോഹന്‍ലാലിന്‍റെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീഴും. അറിവുകള്‍ ആത്മസംസ്കരണത്തിനും ആന്തരികമായ ആനന്ദത്തിനുമുള്ളതാണെന്നാണ് ലാലിന്‍റെ മതം.

ഓഷോ രജനീഷിനെക്കുറിച്ച് ഇത്രമേല്‍ വായിക്കുകയും അറിയുകയും ചെയ്ത മറ്റൊരു മലയാളി കാണുമോ എന്ന് സംശയമാണ്. മോഹന്‍ലാലിലൂടെ ഓഷോയ്ക്ക് ഒരു പുനര്‍വായന നടക്കുന്നുണ്ട്. ഓഷോയ്ക്ക് ലാലിനെപ്പോലൊരു ബ്രാന്‍ഡ് അംബാസഡര്‍ ഉണ്ടാവുക എന്നത് ചര്‍ച്ച ചെയ്യപ്പേടേണ്ട കാര്യമാണ്. നാളെയൊരിക്കല്‍ വേദഭൂമികളിലൂടെ ലാല്‍ തനിയെ സഞ്ചരിക്കുന്നു എന്ന് കേട്ടാലും ഹിമാലയ ശൃംഗങ്ങളില്‍ തപസ്സിരിക്കുന്നു എന്ന് കേട്ടാലും ഞാന്‍ ഞെട്ടില്ല. തന്‍റെ ഉപബോധമനസ്സുകൊണ്ട് അത്തരം സഞ്ചാരങ്ങള്‍ ലാല്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത് - ജഗദീഷ് പറയുന്നു.