Sunday, November 7, 2010

ദൊരൈ സിങ്കം ബോളിവുഡിലേക്ക്



സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം സിങ്കം ബോളിവുഡിലേക്ക്. ഇപ്പോഴും തമിഴകത്തു നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന സിങ്കത്തില്‍ സൂര്യ പൊലീസ് ഓഫിസറുടെ വേഷമാണ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ പോസ്റ്റു വരെയെത്തുന്ന ദൊരൈ സിങ്കം.
സൂര്യയുടെ ഇഷ്ട സംവിധായകന്‍ ഹരി ഒരുക്കിയ ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ നായകനാവുന്നത് അജയ് ദേവ്ഗന്‍. ഗോല്‍മാല്‍, ഗോല്‍മാല്‍ 2, ഓള്‍ ദ ബെസ്റ്റ് എന്നീ കോമഡികള്‍ക്കു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേഴ്സ്. കെ. ഇ. ജ്ഞാനവേല്‍ നിര്‍മിച്ച സിങ്കത്തിന്‍റെ കൊ പ്രൊഡ്യൂസേഴ്സായിരുന്നു റിലയന്‍സ്. അനുഷ്ക ഷെട്ടിയായിരുന്നു നായിക. പ്രകാശ് രാജ് വില്ലനും. നായികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിജയ് നായകനായ പോക്കിരി ഹിന്ദിയില്‍ സല്‍മാനെ നായകനാക്കി റീമേക്ക് ചെയതപ്പോള്‍ പ്രകാശ് രാജ് തന്നെയാണ് വില്ലനായത്. സിങ്കത്തിന്‍റെ ഹിന്ദി റീമേക്കിലും പ്രകാശിനെ വില്ലനാക്കാനാണ് രോഹിത് ഷെട്ടി ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ ഗോല്‍മാല്‍ 3 ന്‍റെ ചിത്രീകരണം കഴിഞ്ഞിട്ടേ അത്തരം കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കൂ. സ്വന്തം ഗ്രാമത്തില്‍ പൊലീസ് ഓഫിസറായി ജോലി നോക്കുന്ന ദൊരൈ സിങ്കം വില്ലനുമായി ഉടക്കുന്നു. പ്രതികാരം വീട്ടാന്‍ വില്ലന്‍ തന്നെ ദൊരൈ സിങ്കത്തെ ചെന്നൈയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. എന്നാല്‍ അന്തിമ വിജയം ദൊരൈ സിങ്കത്തിന്. ഇതായിരുന്നു സിങ്കത്തിന്‍റെ പ്രമേയം. സാധാരണ സൂര്യ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി സമ്പൂര്‍ണ ആക്ഷന്‍ ചിത്രമായിരുന്നു സിങ്കം. ഒടുവില്‍ വന്ന ആക്രോശ് അടക്കം ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം ആകാതിരുന്നത് അലട്ടുന്നുണ്ട് അജയ് ദേവ്ഗനെ. സിങ്കം റീമേക്കിലെ പൊലീസ് ഓഫിസര്‍ വേഷം പ്രതീക്ഷയോടെയാണ് അജയ് കാണുന്നത്.