Tuesday, February 22, 2011

Don 2 - the chaise continuous - stills









‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’



‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’ ഒരുങ്ങുകയാണ്. 2006ല്‍ പുറത്തിറങ്ങിയ ‘ഡോണ്‍ ദ് ചെയ്സ് ബിഗിന്‍സ് എഗൈന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം. ഷാരുഖ് ഖാന്‍ തന്നെ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ സ്റ്റില്ലുകള്‍ പുറത്തുവന്നു. ഷാരുഖ് ഖാന്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്റ്റില്ലുകള്‍. സിക്സ് പാക്ക് ശരീരമാണ് ഈ സിനിമയില്‍ ഷാരുഖിന്. നീളന്‍ മുടിയും ഈ കഥാപാത്രത്തിന്‍റെ പ്രത്യേകതയാണ്.

പുതിയ ചിത്രത്തില്‍ ഡോണ്‍ ജയിലില്‍ കഴിയുകയാണ്. ഡോണ്‍ ഒരു ജയില്‍ഭേദനത്തിനൊരുങ്ങുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഫര്‍ഹാന്‍ അക്തറാണ് ഡോണ്‍ 2 സംവിധാനം ചെയ്യുന്നത്. സാഹസികമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ സിനിമ. ബെര്‍ളിനില്‍ വച്ച് ഒരു കാര്‍ചേസ് രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വിലകൂടിയ ഒരു മൂവീ ക്യാമറ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല എന്നത് ആശ്വാസമായി.

യൂറോപ്യന്‍ അധോലോകം കീഴടക്കുക എന്നതാണ് ഈ സിനിമയില്‍ ഡോണിന്‍റെ ലക്‍ഷ്യം. 11 രാജ്യങ്ങളാണ് ഡോണിനായി വലവീശിയിരിക്കുന്നത്.
പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. ലാറ ദത്ത, കുനാല്‍ കപൂര്‍, ബൊമന്‍ ഇറാനി, ഓം‌പുരി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. പ്രിയങ്ക ചോപ്രയും ഓം‌പുരിയും ഒരു ലിഫ്റ്റില്‍ വരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. താന്‍ പൊലീസില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ഓം‌പുരി പ്രിയങ്കയോട് വെളിപ്പെടുത്തുന്നു. ലിഫ്റ്റ് തുറക്കുമ്പോള്‍ തൊട്ടു മുന്നില്‍ ഡോണ്‍!

ഹൃത്വിക് റോഷന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ഡിസംബര്‍ 23നാണ് ഡോണ്‍ 2 റിലീസ് ചെയ്യുന്നത്.

അന്ന് കലാഭവന്‍ മണി, വിക്രം - ഇന്ന് വിശാല്‍



വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി, അതിനു ശേഷം വിക്രം. ഇപ്പോഴിതാ വിശാല്‍. എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്നല്ലേ? കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസത്തില്‍ വിരുത് തെളിയിച്ചവരാണ് ഈ മൂന്ന് നടന്‍‌മാരും. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ അന്ധനായി അഭിനയിച്ച് മണി കഴിവ് തെളിയിച്ചു. ‘കാശി’ എന്ന തമിഴ് ചിത്രത്തില്‍ വിക്രം അത് ആവര്‍ത്തിച്ചു.

കൃഷ്ണമണി മുകളിലേക്ക് വച്ച് വളരെ ബുദ്ധിമുട്ടിയാണ് മണിയും വിക്രവും അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമയിലെ എല്ലാ സീനുകളും ആ രീതിയില്‍ അവര്‍ ഗംഭീരമാക്കി. ഇപ്പോഴിതാ, പുരട്ചി ദളപതി വിശാല്‍ പുതിയ സ്റ്റൈലില്‍ എത്തുന്നു. അതും കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസം തന്നെ. ബാല സംവിധാനം ചെയ്യുന്ന ‘അവന്‍ ഇവന്‍’ എന്ന സിനിമയില്‍ കോങ്കണ്ണുകള്‍ ഉള്ള യുവാവായാണ് വിശാല്‍ അഭിനയിക്കുന്നത്.

കോങ്കണ്ണനായി ഒരു സിനിമയിലെ എല്ലാ രംഗങ്ങളും അഭിനയിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആവേശത്തിലാണ് വിശാല്‍. “ലോകത്തില്‍ ആദ്യമായാണ് ഒരു നായകന്‍ സിനിമയിലുടനീളം കോങ്കണ്ണനായി പ്രത്യക്ഷപ്പെടുന്നത്. അതുതന്നെയാണ് എന്നെ ത്രില്ലടിപ്പിച്ചത്. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു ഡോക്ടറുടെ ഉപദേശം തേടിയിരുന്നു. ഓരോ സീനും അഭിനയിച്ചുകഴിഞ്ഞ് കടുത്ത തലവേദന എനിക്കുണ്ടായി. സിനിമയോടുള്ള ആവേശവും ബാലയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്‍റെ സന്തോഷവുമാണ് ‘അവന്‍ ഇവന്‍’ പൂര്‍ത്തിയാക്കാന്‍ എനിക്ക് ധൈര്യം തന്നത്” - വിശാല്‍ വ്യക്തമാക്കി.

സേതു, പിതാമഹന്‍, നാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്ടിച്ച ബാലയുടെ ‘അവന്‍ ഇവന്‍’ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്. ആര്യയും ഈ സിനിമയില്‍ നായകനാണ് എന്ന സവിശേഷതയുമുണ്ട്. ഏപ്രിലില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ സിനിമയുടെ സംഗീതം യുവന്‍ ശങ്കര്‍ രാജ.

Monday, February 21, 2011

കൊച്ചിക്കുവേണ്ടി പ്രിയന്റെ ആക്ഷന്‍



പണ്ട് ഒരു ക്രിക്കറ്റ് പന്തിന്റെ തീവ്രചുംബനം ഏറ്റുവാങ്ങിയ കണ്ണുകൊണ്ട് പ്രിയദര്‍ശന്‍ കൊച്ചിക്കായലിനെ നോക്കി. അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും പോലെയുള്ള നക്ഷത്രങ്ങളിലെ രാജകുമാരന്മാര്‍ക്കുവേണ്ടി മാത്രം ചലിക്കുന്ന നാവില്‍നിന്ന് 'ആക്ഷന്‍' എന്ന ശബ്ദം ഉയര്‍ന്നപ്പോള്‍ കള്ളുംകുടംപോലുള്ള വയറും കറുത്ത ശരീരത്തെ മുത്തിയ കുരിശുമാലയുമായി വരാപ്പുഴക്കാരന്‍ തോമസ്‌ചേട്ടന്‍ കായലിലേക്ക് ചാടി. വലയ്ക്ക് പിന്നാലെ വീഴുമ്പോള്‍ വലിയൊരു ആരവം: 'സ്‌കോറെത്രയായി?'

ലോകം ഒരു ക്രിക്കറ്റ് കപ്പിലേക്ക് ചുരുങ്ങി നില്‍ക്കെ ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സംവിധായകന്‍ വരാപ്പുഴയിലെ മണ്ണന്തുരുത്ത് ഫെറിയില്‍ ഐ.പി.എല്‍. ആവേശത്തെ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു. കൊച്ചിയുടെ സ്വന്തം ടീമായ 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യചിത്രത്തിന്റെ സംവിധായകനായാണ് പ്രിയന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയെ ഗ്രാമ്യതയുടെ ചീനവലയിലേക്ക് കോരിയെടുക്കാന്‍ തിരക്കുകള്‍ മാറ്റിവച്ച് പറന്നുവരികയായിരുന്നു ഈ ഹിറ്റ്‌മേക്കര്‍.

'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യം ചിത്രീകരിക്കാന്‍ കരാറെടുത്ത പാലക്കാട്ടുകാരനായ പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രിയന്‍ വന്നത്. ഏറെക്കാലത്തിനുശേഷം മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'അറബിയും മാധവന്‍നായരും ഒട്ടകവും' എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയശേഷമാണ് 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യത്തിനായി പ്രിയന്‍ സമയം കണ്ടെത്തിയത്.

കൊച്ചിയുടെ ടീമിനെ, കളരിയുടെ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. കളരിയുടെയും ക്രിക്കറ്റിന്റെയും താളം ഒന്നാണെന്ന് പ്രിയന്‍ പറയുന്നു.''ആഘോഷത്തിന്റെ മൂഡ് ആയിരിക്കും ഇതില്‍. ഐ.പി.എല്ലിന്റെ ആഗോളസാധ്യതകള്‍ കണക്കിലെടുത്ത് കൊച്ചിയുടെ ടൂറിസം സാധ്യതകളെക്കൂടി പകര്‍ത്തുന്നതായിരിക്കും അത്''-സംവിധായകന്റെ വാക്കുകള്‍.

നിലവിളക്കുമായി റിമ കല്ലിങ്ങല്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അതിന്റെ പ്രകാശത്തിനു പിന്നാലെ കലൂര്‍‌സ്റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. പിന്നെ, ബാറ്റിലും പന്തിലും കളരിച്ചുവടുകളുടെ പോരാട്ടം. ആകാശത്തില്‍ നിറയുന്ന ആവേശം. പിന്നെ, ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലും തെങ്ങിന്‍മുകളിലുമുള്ള കൊച്ചിക്കാര്‍ ഏറ്റുവാങ്ങുന്നു.

തിങ്കളാഴ്ച വരാപ്പുഴയിലെ കായല്‍ക്കരയിലായിരുന്നു ഷൂട്ടിങ്. 'എസ്സേ' എന്ന നീളന്‍ വിദേശനിര്‍മിത സിഗരറ്റ് തുരുതുരാ വലിച്ച്, ഇടയ്ക്ക് അടുത്തുള്ള എസ്.കെ. ഹോട്ടലിലെ സുഖിയന്‍ തിന്ന്, നിമിഷങ്ങള്‍ക്കുപോലും കോടികളുടെ വിലയുള്ള സംവിധായകന്‍ സ്ഥിരം തൊപ്പിയിലും കൂളിങ്ഗ്ലാസ്സിലും ചിരിച്ചു. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കിടെ കണ്ണിനു പരിക്കേറ്റ പ്രിയന്‍ പക്ഷേ, ഈ കളിയെ സ്‌നേഹിച്ചതല്ലാതെ ഒരിക്കലും വെറുത്തിട്ടില്ല.

കൊച്ചി ടീമിനെ സ്വന്തമാക്കാന്‍ പോകുന്നവര്‍ക്കിടയില്‍ ഇടയ്ക്ക് ഈ സിനിമാക്കാരന്റെയും പേര് പറഞ്ഞുകേട്ടിരുന്നു. ഒരു ക്രിക്കറ്റ് കാണിയുടെ ആവേശമായിരുന്നു ഓരോ ദൃശ്യവും പകര്‍ത്തുമ്പോള്‍, പ്രിയന്. അഭിനേതാക്കളിലേറെയും കൊച്ചിയുടെ മുഖങ്ങള്‍. ഫെറിയില്‍ തിരക്കിന്റെ നാളുകളില്‍ ടിക്കറ്റ് കൊടുത്തിരുന്ന ഷെഡ്ഡ് രൂപമാറ്റം വരുത്തി ബാര്‍ബര്‍ ഷോപ്പാക്കിയാണ് ഒരു രംഗം ചിത്രീകരിച്ചത്.

പ്രമുഖ സിനിമാട്ടോഗ്രാഫര്‍ തിരു ആണ് ക്യാമറ. ഔസേപ്പച്ചനാണ് സംഗീതം. ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയത്തിലാണ് ചിത്രീകരണം. അതിനുശേഷം കളിക്കാര്‍ അണിനിരക്കുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ നാഗ്പൂരിലേക്ക്. ആവേശം നിറഞ്ഞ ഒരുദിവസം തീരുമ്പോള്‍ വൈകുന്നേരവെയിലിലും ക്രിക്കറ്റ് പ്രിയദര്‍ശന്റെ കണ്ണില്‍ മധുരമുള്ള മുറിപ്പാടായി തിളങ്ങി.