Wednesday, December 8, 2010
83 രാജ്യങ്ങളിലെ ചിത്രങ്ങള്‍
തിരുവനന്തപുരം
നാളെ ആരംഭിക്കുന്ന 15ാമതു രാജ്യാന്തര ചലച്ചിത്രമ ളേയില്‍ 83 രാജ്യങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങളിലായി 207 ചിത്രങ്ങള്‍. വിഖ്യാത ജര്‍മന്‍ ചലച്ചിത്ര സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിനു സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് സമ്മാനിക്കും. ആദ്യമായാണു ഹെര്‍സോഗ് ഇന്ത്യയിലെത്തുന്നത്. ഹെര്‍സോഗിന്‍റെ അഞ്ചു ചിത്രങ്ങള്‍ മേളയിലുണ്ട്.
ഇറാനിയന്‍ സംവിധായകന്‍ മെഹസിന്‍ അബ്ദുള്‍ വഹാബിന്‍റെ ആദ്യ കഥാചിത്രമായ പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ് ആണ് ഉദ്ഘാടന ചിത്രം. നാളെ വൈകിട്ട് ആറിനു നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മേള ഉദ്ഘാടനം ചെയ്യും. പഴയകാല ഹിന്ദി സിനിമാ താരം വഹീദ റഹ്മാന്‍ മുഖ്യാതിഥി. സാംസ്കാരിക മന്ത്രി എം.എ. ബേബി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം ജ്ഞാനപീഠ പുരസ്കാര ജേതാവ് ഒഎന്‍വി കുറുപ്പിനു പ്രണാമം അര്‍പ്പിച്ച് കേരള കലാമണ്ഡലം പ്രത്യേക പരിപാടി അവതരിപ്പിക്കും.
വിദേശത്തുനിന്ന് 70 പ്രതിഭകള്‍ ഉള്‍പ്പെടെ 120ഓളം പേര്‍ അതിഥികളായെത്തും. മത്സര വിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു 14 ചിത്രങ്ങള്‍. ഇതില്‍ അഞ്ചെണ്ണം ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്. മലയാളത്തില്‍ നിന്നു രണ്ട് ചിത്രങ്ങള്‍ മാറ്റുരയ്ക്കും. റിട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ ജര്‍മന്‍ സംവിധായകന്‍ ഫാസ്ബിന്‍ററിന്‍റെയും ടി.വി. ചന്ദ്രന്‍റെയും ഏഴു ചിത്രങ്ങള്‍ വീതമുണ്ടാകും. ഫ്രഞ്ച് സംവിധായകന്‍ ഒളിവര്‍ അസായിസ്, മെക്സിക്കന്‍ സംവിധായിക മാറിയ നൊവാറോ, തായ് സംവിധായകന്‍ അപ്ചാറ്റ്പാങ് വീര്‍സാതുകല്‍ എന്നിവരുടെ അഞ്ചു ചിത്രങ്ങള്‍ വീതം സമകാലീന പ്രതിഭാ വിഭാഗത്തില്‍ ഉണ്ടായിരിക്കും.
ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യത്തിന്‍റെ 200ാം വാര്‍ഷികത്തിന്‍റെ സ്മരണാര്‍ഥം ബൈസെന്‍റിനല്‍ വിഭാഗത്തില്‍ എട്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ ഏഷ്യ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് എട്ടു ചിത്രങ്ങളും സ്പാനിഷ് നൃത്തമായ ഫ്ളെമംഗോ അടിസ്ഥാനമാക്കിയ ആറു ചിത്രങ്ങളുമുണ്ട്. ഇതില്‍ നാലെണ്ണം കാര്‍ലോ സോറസിന്‍റേതാണ്. റൊട്ടെര്‍ഡാം ഫെസ്റ്റിവലിലെ ഒരു പ്രൊജക്റ്റായ ഫൊര്‍ഗെറ്റ് ആഫ്രിക്ക വിഭാഗത്തില്‍നിന്ന് 12 ചിത്രങ്ങളുണ്ട്. പ്രസിദ്ധ ജാപ്പനീസ് കാര്‍ട്ടൂണുകളായ മാംഗ- ഈ വിഭാഗത്തില്‍ 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആസ്വാദകര്‍ക്ക് ഇവ നവ്യാനുഭൂതിയാകും. ജാപ്പനീസ് മാസ്റ്റേഴ്സിന്‍റെ എട്ടു ചിത്രങ്ങള്‍ ജാപ്പനീസ് ക്ലാസിക്ക് വിഭാഗത്തിലുണ്ട്.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരായ ചലച്ചിത്രകാരന്‍മാരുടെ ചിത്രങ്ങളാണ് സ്പിരിറ്റ് ഒഫ് ഇന്‍ഡിപെന്‍ഡന്‍സ് വിഭാഗത്തിലുള്ളത്. പ്രസിദ്ധ വനിതാ സംവിധായകരുടെ അഞ്ചു ചിത്രങ്ങളുമുണ്ട്. ആഫ്രിക്കന്‍ നടനും സംവിധായകനുമായ സോട്ടിഗുയി കൊയാട്ടോയുടെ ആറു ചിത്രങ്ങള്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സ്മരണാഞ്ജലി വിഭാഗത്തില്‍ മങ്കട രവിവര്‍മ, അടൂര്‍ പങ്കജം, എം.ജി. രാധാകൃഷ്ണന്‍, വേണു നാഗവള്ളി, കൊച്ചിന്‍ ഹനീഫ, ഗിരീഷ് പുത്തഞ്ചേരി, ശ്രീനാഥ്, അസീസ് എന്നിവരുള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴും മലയാള സിനിമ ഇന്നില്‍ എട്ടു ചിത്രങ്ങളുമുണ്ട്. ലോക സിനിമാ വിഭാഗത്തില്‍ 61 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.