Tuesday, February 22, 2011

അന്ന് കലാഭവന്‍ മണി, വിക്രം - ഇന്ന് വിശാല്‍



വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി, അതിനു ശേഷം വിക്രം. ഇപ്പോഴിതാ വിശാല്‍. എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്നല്ലേ? കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസത്തില്‍ വിരുത് തെളിയിച്ചവരാണ് ഈ മൂന്ന് നടന്‍‌മാരും. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ അന്ധനായി അഭിനയിച്ച് മണി കഴിവ് തെളിയിച്ചു. ‘കാശി’ എന്ന തമിഴ് ചിത്രത്തില്‍ വിക്രം അത് ആവര്‍ത്തിച്ചു.

കൃഷ്ണമണി മുകളിലേക്ക് വച്ച് വളരെ ബുദ്ധിമുട്ടിയാണ് മണിയും വിക്രവും അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിനിമയിലെ എല്ലാ സീനുകളും ആ രീതിയില്‍ അവര്‍ ഗംഭീരമാക്കി. ഇപ്പോഴിതാ, പുരട്ചി ദളപതി വിശാല്‍ പുതിയ സ്റ്റൈലില്‍ എത്തുന്നു. അതും കണ്ണുകള്‍ കൊണ്ടുള്ള അഭ്യാസം തന്നെ. ബാല സംവിധാനം ചെയ്യുന്ന ‘അവന്‍ ഇവന്‍’ എന്ന സിനിമയില്‍ കോങ്കണ്ണുകള്‍ ഉള്ള യുവാവായാണ് വിശാല്‍ അഭിനയിക്കുന്നത്.

കോങ്കണ്ണനായി ഒരു സിനിമയിലെ എല്ലാ രംഗങ്ങളും അഭിനയിക്കുക എന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആവേശത്തിലാണ് വിശാല്‍. “ലോകത്തില്‍ ആദ്യമായാണ് ഒരു നായകന്‍ സിനിമയിലുടനീളം കോങ്കണ്ണനായി പ്രത്യക്ഷപ്പെടുന്നത്. അതുതന്നെയാണ് എന്നെ ത്രില്ലടിപ്പിച്ചത്. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു ഡോക്ടറുടെ ഉപദേശം തേടിയിരുന്നു. ഓരോ സീനും അഭിനയിച്ചുകഴിഞ്ഞ് കടുത്ത തലവേദന എനിക്കുണ്ടായി. സിനിമയോടുള്ള ആവേശവും ബാലയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്‍റെ സന്തോഷവുമാണ് ‘അവന്‍ ഇവന്‍’ പൂര്‍ത്തിയാക്കാന്‍ എനിക്ക് ധൈര്യം തന്നത്” - വിശാല്‍ വ്യക്തമാക്കി.

സേതു, പിതാമഹന്‍, നാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്ടിച്ച ബാലയുടെ ‘അവന്‍ ഇവന്‍’ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്. ആര്യയും ഈ സിനിമയില്‍ നായകനാണ് എന്ന സവിശേഷതയുമുണ്ട്. ഏപ്രിലില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ സിനിമയുടെ സംഗീതം യുവന്‍ ശങ്കര്‍ രാജ.