Monday, February 21, 2011

കൊച്ചിക്കുവേണ്ടി പ്രിയന്റെ ആക്ഷന്‍



പണ്ട് ഒരു ക്രിക്കറ്റ് പന്തിന്റെ തീവ്രചുംബനം ഏറ്റുവാങ്ങിയ കണ്ണുകൊണ്ട് പ്രിയദര്‍ശന്‍ കൊച്ചിക്കായലിനെ നോക്കി. അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും പോലെയുള്ള നക്ഷത്രങ്ങളിലെ രാജകുമാരന്മാര്‍ക്കുവേണ്ടി മാത്രം ചലിക്കുന്ന നാവില്‍നിന്ന് 'ആക്ഷന്‍' എന്ന ശബ്ദം ഉയര്‍ന്നപ്പോള്‍ കള്ളുംകുടംപോലുള്ള വയറും കറുത്ത ശരീരത്തെ മുത്തിയ കുരിശുമാലയുമായി വരാപ്പുഴക്കാരന്‍ തോമസ്‌ചേട്ടന്‍ കായലിലേക്ക് ചാടി. വലയ്ക്ക് പിന്നാലെ വീഴുമ്പോള്‍ വലിയൊരു ആരവം: 'സ്‌കോറെത്രയായി?'

ലോകം ഒരു ക്രിക്കറ്റ് കപ്പിലേക്ക് ചുരുങ്ങി നില്‍ക്കെ ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സംവിധായകന്‍ വരാപ്പുഴയിലെ മണ്ണന്തുരുത്ത് ഫെറിയില്‍ ഐ.പി.എല്‍. ആവേശത്തെ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു. കൊച്ചിയുടെ സ്വന്തം ടീമായ 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യചിത്രത്തിന്റെ സംവിധായകനായാണ് പ്രിയന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയെ ഗ്രാമ്യതയുടെ ചീനവലയിലേക്ക് കോരിയെടുക്കാന്‍ തിരക്കുകള്‍ മാറ്റിവച്ച് പറന്നുവരികയായിരുന്നു ഈ ഹിറ്റ്‌മേക്കര്‍.

'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യം ചിത്രീകരിക്കാന്‍ കരാറെടുത്ത പാലക്കാട്ടുകാരനായ പ്രമുഖ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രിയന്‍ വന്നത്. ഏറെക്കാലത്തിനുശേഷം മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'അറബിയും മാധവന്‍നായരും ഒട്ടകവും' എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയശേഷമാണ് 'ഇന്‍ഡി കമാന്‍ഡോസി'ന്റെ പരസ്യത്തിനായി പ്രിയന്‍ സമയം കണ്ടെത്തിയത്.

കൊച്ചിയുടെ ടീമിനെ, കളരിയുടെ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. കളരിയുടെയും ക്രിക്കറ്റിന്റെയും താളം ഒന്നാണെന്ന് പ്രിയന്‍ പറയുന്നു.''ആഘോഷത്തിന്റെ മൂഡ് ആയിരിക്കും ഇതില്‍. ഐ.പി.എല്ലിന്റെ ആഗോളസാധ്യതകള്‍ കണക്കിലെടുത്ത് കൊച്ചിയുടെ ടൂറിസം സാധ്യതകളെക്കൂടി പകര്‍ത്തുന്നതായിരിക്കും അത്''-സംവിധായകന്റെ വാക്കുകള്‍.

നിലവിളക്കുമായി റിമ കല്ലിങ്ങല്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് പരസ്യചിത്രം തുടങ്ങുന്നത്. അതിന്റെ പ്രകാശത്തിനു പിന്നാലെ കലൂര്‍‌സ്റ്റേഡിയത്തിലെ പിച്ച് തെളിയുന്നു. പിന്നെ, ബാറ്റിലും പന്തിലും കളരിച്ചുവടുകളുടെ പോരാട്ടം. ആകാശത്തില്‍ നിറയുന്ന ആവേശം. പിന്നെ, ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലും തെങ്ങിന്‍മുകളിലുമുള്ള കൊച്ചിക്കാര്‍ ഏറ്റുവാങ്ങുന്നു.

തിങ്കളാഴ്ച വരാപ്പുഴയിലെ കായല്‍ക്കരയിലായിരുന്നു ഷൂട്ടിങ്. 'എസ്സേ' എന്ന നീളന്‍ വിദേശനിര്‍മിത സിഗരറ്റ് തുരുതുരാ വലിച്ച്, ഇടയ്ക്ക് അടുത്തുള്ള എസ്.കെ. ഹോട്ടലിലെ സുഖിയന്‍ തിന്ന്, നിമിഷങ്ങള്‍ക്കുപോലും കോടികളുടെ വിലയുള്ള സംവിധായകന്‍ സ്ഥിരം തൊപ്പിയിലും കൂളിങ്ഗ്ലാസ്സിലും ചിരിച്ചു. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കിടെ കണ്ണിനു പരിക്കേറ്റ പ്രിയന്‍ പക്ഷേ, ഈ കളിയെ സ്‌നേഹിച്ചതല്ലാതെ ഒരിക്കലും വെറുത്തിട്ടില്ല.

കൊച്ചി ടീമിനെ സ്വന്തമാക്കാന്‍ പോകുന്നവര്‍ക്കിടയില്‍ ഇടയ്ക്ക് ഈ സിനിമാക്കാരന്റെയും പേര് പറഞ്ഞുകേട്ടിരുന്നു. ഒരു ക്രിക്കറ്റ് കാണിയുടെ ആവേശമായിരുന്നു ഓരോ ദൃശ്യവും പകര്‍ത്തുമ്പോള്‍, പ്രിയന്. അഭിനേതാക്കളിലേറെയും കൊച്ചിയുടെ മുഖങ്ങള്‍. ഫെറിയില്‍ തിരക്കിന്റെ നാളുകളില്‍ ടിക്കറ്റ് കൊടുത്തിരുന്ന ഷെഡ്ഡ് രൂപമാറ്റം വരുത്തി ബാര്‍ബര്‍ ഷോപ്പാക്കിയാണ് ഒരു രംഗം ചിത്രീകരിച്ചത്.

പ്രമുഖ സിനിമാട്ടോഗ്രാഫര്‍ തിരു ആണ് ക്യാമറ. ഔസേപ്പച്ചനാണ് സംഗീതം. ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയത്തിലാണ് ചിത്രീകരണം. അതിനുശേഷം കളിക്കാര്‍ അണിനിരക്കുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ നാഗ്പൂരിലേക്ക്. ആവേശം നിറഞ്ഞ ഒരുദിവസം തീരുമ്പോള്‍ വൈകുന്നേരവെയിലിലും ക്രിക്കറ്റ് പ്രിയദര്‍ശന്റെ കണ്ണില്‍ മധുരമുള്ള മുറിപ്പാടായി തിളങ്ങി.