Sunday, January 30, 2011

കഥയിലെ നായിക ഉര്‍വശി



വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ദിലീപ് സംവിധാനം ചെയ്യുന്ന 'കഥയിലെ നായിക' എന്ന ചിത്രത്തില്‍ ഉര്‍വശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മി ആന്‍ഡ് മി, സകുടുംബം ശ്യാമള, മഹാരാജാസ് ടാക്കീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉര്‍വശി വീണ്ടും ശ്രദ്ധേയവും ശക്തവുമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.എറണാകുളം സരോവരം ഹോട്ടലില്‍ നടന്ന പൂജാചടങ്ങില്‍ ഉര്‍വശി തന്നെ നിലവിളക്കിലെ ആദ്യ തിരി തെളിച്ചു. ജനവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സിനോജ് നെടുമങ്ങലം എഴുതുന്നു.

റോമയാണ് മറ്റൊരു നായിക. സുരാജ് വെഞ്ഞാറമൂട്, പ്രജോദ്, സായ്കുമാര്‍, കോട്ടയം നസീര്‍, കെ.പി.എ.സി.ലളിത, സുകുമാരി, അംബിക, മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മുനിസിപ്പാലിറ്റിയിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സീയറാണ് നന്ദിനി . മാസത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കൃത്യമായ ശമ്പളം കൊണ്ട് കുടുംബത്തെ മുന്നോട്ടുനയിക്കാന്‍ വെപ്രാളപ്പെടുകയാണ് നന്ദിനി. നാടകനടനായിരുന്ന അച്ഛന്‍ എല്ലാം തുലച്ചിട്ടാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. അന്ന് ഏറ്റെടുത്തതാണ് കുടുംബഭാരം നന്ദിനി. പല പല ജോലികള്‍ ചെയ്ത് കഷ്ടപ്പെട്ടപ്പോഴാണ് ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടിയത്. എന്നിട്ടും ദുരിതങ്ങള്‍ ഒഴിഞ്ഞ നേരമില്ല.

അനിയന്‍ ശിവശങ്കരനാണെങ്കില്‍ നന്ദിനിയുടെ നേര്‍ എതിര്‍ദിശയിലേക്കാണ് സഞ്ചാരം. ടി.വി.യിലെ ആങ്കറായ ശിവ, നടനാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കലയെന്ന് കേട്ടാല്‍ കലിതുള്ളുന്ന നന്ദിനിയുടെ അനിയന്‍ കലയില്‍ താത്പര്യം കാണിക്കുമ്പോള്‍ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇവരുടെ ഇടയിലേക്ക് അര്‍ച്ചന എന്ന പെണ്‍കുട്ടി കൂടി കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് കഥയിലെ നായികയില്‍ ദിലീപ് ദൃശ്യവത്കരിക്കുന്നത്.

നന്ദിനിയായി ഉര്‍വശിയും അര്‍ച്ചനയായി റോമയും ശിവശങ്കരനായി പ്രജോദും വേഷമിടുന്നു. ഷാദത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഈണം പകരുന്നത് തേജ് മെര്‍വിനാണ്.
കല- സജിത്ത് മുണ്ടനാട്, മേക്കപ്പ് - ജയചന്ദ്രന്‍, വസ്ത്രാലങ്കാരം - വേലായുധന്‍ കീഴില്ലം, സ്റ്റില്‍സ് - ജയപ്രകാശ് പയ്യന്നൂര്‍, പരസ്യകല - കൊളിന്‍സ് ലിയോഫില്‍, എഡിറ്റിങ് - പി.ടി. ശ്രീജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍ - എ.ആര്‍. ബിനുരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നോബി-ശ്യാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിജയ് ജി.എസ്, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.