Sunday, January 30, 2011

ത്രി ഇഡിയറ്റ്‌സ് റീമേക്കില്‍ വിജയ് തന്നെ



ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച അമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സ് തമിഴില്‍ എടുക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്‍ണയം തന്നെയായിരുന്നു വാര്‍ത്തകളിലെ താരം.

ജീവ, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിജയ് ചിത്രത്തില്‍ നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്‍ത്ത.

പകരം ശങ്കര്‍ നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ്‌യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്‍ ശങ്കറിനെ നിര്‍ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

അതല്ല അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്‍ വിജയ് തന്നെയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്‍. പൊങ്കല്‍ റിലീസായ കാവലന്‍ തമിഴകത്ത് തേരോട്ടം തുടരുകയാണ്.

നന്‍പനില്‍ നായകനാകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് ശങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

ജനുവരി 26ന് നന്‍പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഇല്യാനയാണ് നായികയാവുന്നത്. നടന്‍ സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.