Friday, January 28, 2011

വേനല്‍ വിരുന്നുമായി ബാല




ഇരുണ്ട വിഷയങ്ങളുടെ ചലച്ചിത്രകാരന്‍ എന്ന പ്രതിച്ഛായയില്‍നിന്നു മാറിക്കൊണ്ട് സംവിധായകന്‍ ബാല ഒരുക്കുന്ന 'അവന്‍ ഇവന്‍' ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ഒടുവില്‍ പുറത്തിറങ്ങിയ 'നാന്‍ കടവുള്‍' എന്ന ചിത്രത്തില്‍ കടുപ്പമേറിയ കാഴ്ചകളാല്‍ പ്രേക്ഷകരെ ഞെട്ടിച്ച ബാല സിനിമാവൃത്തങ്ങളില്‍ കടുത്ത വിമര്‍ശം നേരിട്ടിരുന്നു. ആ ചിത്രത്തിന് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും സാധാരണകാണികള്‍ അതിനോട് അത്രനന്നായി പ്രതികരിച്ചിരുന്നില്ല. അഭിശപ്തമായ കാഴ്ചകളാല്‍ ദയാരഹിതമായി പ്രേക്ഷകരെ വേട്ടയാടുന്ന ചിത്രമായതിനാലാണ് എതിരഭിപ്രായങ്ങളുയര്‍ന്നത്.

'സേതു','നന്ദ','പിതാമഹന്‍' എന്നീ ചിത്രങ്ങളിലെല്ലാം ഇരുണ്ട കാഴ്ചകളാണ് ബാല കാട്ടിത്തന്നതെങ്കിലും 'നാന്‍കടവുളി'ല്‍ അതിന്റെ അളവ് അസഹനീയമായെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. രസിപ്പിക്കുന്ന സിനിമകളുടെ വെള്ളപ്പൊക്കത്തിനിടയില്‍ ഞെട്ടലനുഭവിക്കാന്‍ അധികമാരും ഒരുക്കമായിരുന്നില്ലെന്നതിനാല്‍ 'നാന്‍ കടവുള്‍' തിയേറ്ററുകളില്‍ തിരിച്ചടി നേരിട്ടു. എങ്കിലും ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ആര്യ, പൂജ എന്നിവര്‍ ഏറെ പ്രശംസിക്കപ്പെട്ടു.

'നാന്‍ കടവുള്‍' ഇറങ്ങിയപ്പോഴുണ്ടായ കുറ്റപ്പെടുത്തലുകള്‍ അംഗീകരിച്ചുകൊണ്ട്, അടുത്ത ചിത്രം വ്യത്യസ്തമായിരിക്കുമെന്ന് ബാല വ്യക്തമാക്കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ളതാണ് 'അവന്‍ ഇവന്‍' എന്ന പുതിയ സിനിമയെന്നാണ് അണിയറയില്‍നിന്നുള്ള വിവരങ്ങള്‍. 'നാന്‍ കടവുളി'ലെ നായകനായ ആര്യയെത്തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും ബാല തിരഞ്ഞെടുത്തത്. ഒപ്പം വിശാലുമുണ്ട്. ജനനി അയ്യരാണ് നായിക.

ചിത്രീകരണം മിക്കവാറും പൂര്‍ത്തിയായെന്നും പോസ്റ്റ്‌പ്രൊഡക് ഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയായാക്കി ഏപ്രിലില്‍ തിയേറ്ററിലെത്തുമെന്നുമാണ് വിവരം. എല്ലാവിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന മധ്യവേനലവധിക്കാലവിരുന്നായിരിക്കും ഈ ചിത്രമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.

മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'അവന്‍ ഇവനെ' ബാലയുടെ ആരാധകര്‍ എപ്രകാരം സ്വീകരിക്കുമെന്നറിയാനാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്.