Tuesday, May 31, 2011

ഒരു ഗാനം 16 ഭാഷയില്‍; വിജയ് പുതിയ സ്റ്റൈലില്‍



സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പായ നന്‍പനിലെ ഒരു ഗാനം ഒരുക്കിയിരിക്കുന്നത് ഇന്ത്യയിലെ 16 ഭാഷകളില്‍. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലായാണ്‌ ഈ ഗാനം ഈ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

വിജയും ഇല്യാനയുമാണ്‌ ഈ ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഹാരിസ്‌ ജയരാജാണ്‌. വിജയ്‌ പ്രകാശാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഏറെ പ്രത്യേകതകളോടെയാണ് സംവിധായകന്‍ ഷങ്കര്‍ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നത്. വിജയ് ഇത്രയും നാള്‍ തുടര്‍ന്നുവന്ന അഭിനയശൈലിയില്‍ പോലും ഷങ്കര്‍ മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. വിജയുടെ ആരാധകര്‍ക്ക് നന്‍‌പനിലെ കഥാപാത്രം ഒരു അദ്ഭുതമായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ജീവ, ശ്രീകാന്ത്‌, സത്യരാജ്‌ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌. ജെമിനി ഫിലിം സര്‍ക്യൂട്ടാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. നന്‍പന്‍ ദീപാവലിയ്‌ക്ക്‌ തിയറ്ററുകളില്‍ എത്തുമെന്നാണ്‌ സൂചന.