Monday, January 3, 2011

തെലുങ്കു സിനിമയ്ക്ക് നിരാശയുടെ വര്‍ഷം

ഹൈദരാബാദ്: 2010 തെലുങ്കു സിനിമയ്ക്ക് നിരാശയുടെ വര്‍ഷമായിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച സിനിമകളില്‍ ഒട്ടുമിക്കതും ബോക്‌സാഫീസില്‍ തകര്‍ന്നുവീണു. സാറ്റ്‌ലൈറ്റ്, ഡി.വി.ഡി. റൈറ്റ്‌സിന്റെ വില്പനയിലൂടെയാണ് നിര്‍മാതാക്കള്‍ ഒരു പരിധിവരെ പിടിച്ചുനിന്നത്. പക്ഷേ, നീറുന്ന മാനുഷികപ്രശ്‌നങ്ങളെ ചിത്രീകരിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ തെലുങ്കുസിനിമയില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷമായ വര്‍ഷമാണ് 2010. എന്‍റര്‍ടെയ്ന്‍മെന്‍റിന് മാത്രം ഊന്നല്‍ നല്‍കി സ്ഥിരം ഫോര്‍മുലയില്‍ പടച്ചുവിട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ തള്ളിക്കളയുകയായിരുന്നു.

സൂപ്പര്‍താരങ്ങളെ ലക്ഷ്യമിട്ട് രചിച്ച തിരക്കഥകളും ദൃശ്യപരിചരണരീതികളും ആവര്‍ത്തനവിരസത സൃഷ്ടിച്ച് പ്രേക്ഷകരെ നിരാശയിലാഴ്ത്തി. സൂപ്പര്‍ താരങ്ങള്‍ക്കുപോലും പിടിച്ചുനില്ക്കാനായില്ല. കഴിഞ്ഞവര്‍ഷം ടോളിവുഡ്ഡില്‍, തെലുങ്കില്‍ 2010-ല്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ 152 ആണ്. ഇതില്‍ വിജയം നേടിയെന്നു പറയാവുന്ന ചിത്രങ്ങള്‍ വിരളം. 'വേദം' (അല്ലു അര്‍ജുന്‍, മഞ്ചു മനോജ്, അനുഷ്‌ക), 'പ്രസ്ഥാനം' (സായികുമാര്‍, ശര്‍വാനന്ദ്, സന്ദീപ് കിഷന്‍. ഇത് ഗോവ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരേയൊരു തെലുങ്കുചിത്രം), 'ഏം മായാപേശാവേ' (നാഗചൈതന്യ-നാഗാര്‍ജുനയുടെ പുത്രന്‍. സമന്ത, കൃഷ്ണഡു). ലീഡര്‍ (റാണാദഗ്ഗുബാട്ടി-പ്രശസ്ത നിര്‍മാതാവ് രാമനായിഡുവിന്റെ പൗത്രന്‍, റിച്ച), 'അന്തരി ബന്ധുവയ്യ' (സച്ചാനന്ദ്, പത്മപ്രിയ) എന്നീ ചെറുബജറ്റ് ചിത്രങ്ങള്‍ വിജയം കണ്ടവയില്‍ ഉള്‍പ്പെടും. തെലുങ്ക് സിനിമയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നല്‍കിയ ചിത്രങ്ങളാണിവ.

37 കോടി രൂപ മുടക്കി നിര്‍മിച്ച ബാലകൃഷ്ണയുടെ 'സിംഹ'യും രജനീകാന്തിന്റെ റോബോട്ടും (യന്തിരന്‍), 15 കോടി മുടക്കി നിര്‍മിച്ച 'മര്യാദ രാമണ്ണ'യും ജൂനിയര്‍ എന്‍.ടി.ആറിന്റെ 'ബൃന്ദാവന'വും (ഇതിന്റെ മുടക്കുമുതല്‍ 34 കോടി രൂപയാണ്.) പ്രഭാസിന്റെ 'ഡാര്‍ലിങ്ങും' അല്ലരി നരേഷിന്റെ കോമഡി ഹിറ്റായ ബെകിങ് ബങ്കാരരാജുവും ശരാശരി വിജയം നേടിയ ബിഗ്ബജറ്റ് ചിത്രങ്ങളാണ്.മറ്റു ഭാഷകളില്‍ പോപ്പുലര്‍ ഹിറ്റുകളാകുന്ന ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ സ്റ്റാറുകളെ അണിനിരത്തി വിജയം നേടുകയെന്നത് ഏതാനും വര്‍ഷങ്ങളായി തെലുങ്കു സിനിമയില്‍ പയറ്റുന്ന തന്ത്രങ്ങളിലൊന്നാണ്. അതും കഴിഞ്ഞവര്‍ഷം പാളിപ്പോയി. ചന്ദ്രമുഖി (മണിച്ചിത്രത്താഴ്)യുടെ രണ്ടാം ഭാഗമായ 'നാഗവല്ലി', സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേശ് അഭിനയിച്ചിട്ടും ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല. രാം ഗോപാല്‍വര്‍മ, ആന്ധ്ര രാഷ്ട്രീയത്തിലെ വിചിത്രവ്യക്തിത്വമായിരുന്ന പരിഠാളരവിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മിച്ച 'രക്തചരിത്ര' എന്ന ചിത്രത്തിന്റെ രണ്ടു ഭാഗവും വിജയം വരിച്ചില്ല. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊന്നും വന്‍ വിജയങ്ങളായില്ല. അതുകൊണ്ടുതന്നെ പല സൂപ്പര്‍ സ്റ്റാറുകളും ഒരൊറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് മാറിനില്ക്കുകയായിരുന്നു. എന്നാല്‍, മകന്‍ ഹീറോ ആയി രംഗത്തെത്തിയിട്ടും സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ ജനപ്രീതിക്ക് ഇടിവുതട്ടിയിട്ടില്ല. സമാന്തര-ആര്‍ട്ട് സിനിമകള്‍ തെലുങ്കു സിനിമാരംഗത്തുനിന്ന്അപ്രത്യക്ഷമായിരിക്കുന്നു; ഒപ്പം ജീവിതഗന്ധിയായ റിയലിസ്റ്റിക് ചിത്രങ്ങളും.