Friday, January 21, 2011

‘വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു



തമിഴകത്ത് വീണ്ടും വിജയ് തരംഗം. പൊങ്കല്‍ റിലീസായ വിജയ് ചിത്രം കാവലന് തീയേറ്ററുകളില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. നല്ല ചിത്രമെന്ന പേരും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ കാവലന്‍ നേടിയിരിക്കുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് കണക്കിലെടുക്കുമ്പോള്‍ ചിത്രം നൂറുദിവസം പിന്നിടുമെന്നത് ഉറപ്പാണ്. 350 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് ഒരു നല്ല വിജയ് ചിത്രം ഇറങ്ങുന്നത്. അതുകൊണ്ടാണ് കാവലന് ഇത്ര ഗംഭീര സ്വീകരണം ലഭിക്കുന്നത്. വിജയിയുടെ ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തിലാണ് കാവലനിലൂടെ താരം വന്‍‌തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാവലനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

കാര്‍ത്തി നായകനാവുന്ന ചിരുത്തൈ, ധനുഷിന്റെ ആടുകളം, കരുണാനിധി തിരക്കഥ ഒരുക്കിയിരിക്കുന്ന ഇളഞ്ജൈന്‍ എന്നീ സിനിമകളാണ് കാവലനൊപ്പം തീയേറ്ററുകളില്‍ പൊങ്കലിന് എത്തിയിരിക്കുന്നത്. കാര്‍ത്തി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിരുത്തൈ മികച്ച ‘എന്റര്‍ടെയിനര്‍’ എന്ന അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്നു. ആടുകളം മികച്ച സിനിമയാണെങ്കിലും മധുര ഭാഷയും ആംഗ്ലോ ഇന്ത്യന്‍ സ്ലാംഗും സിനിമയ്ക്ക് വിനയാകുന്നു.

കാവലനില്‍, വിജയ്‌യുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് അസിനാണ്. മലയാളിയായ മിത്രാകുര്യനും ചിത്രത്തിലുണ്ട്. മലയാളചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് ചിത്രമാണ് കാവലന്‍. സിദ്ദിഖ് ആണ് ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രമായാണ് വിജയ് തമിഴില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നയന്‍‌താര ചെയ്ത വേഷമാണ് തമിഴില്‍ അസിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോഡിഗാര്‍ഡില്‍ അവതരിപ്പിച്ച കഥാപാത്രമായാണ് മിത്ര തമിഴിലും വേഷമിട്ടിരിക്കുന്നത്.