Showing posts with label telungu movie. Show all posts
Showing posts with label telungu movie. Show all posts

Wednesday, January 26, 2011

ലൊക്കേഷനിലെ ചീട്ടുകളിക്ക് വിലക്ക്



തെലുങ്ക്സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലെ ചീട്ട് കളിയ്ക്ക് വിലക്ക്. താരങ്ങളുടെ ശ്രദ്ധ കൂടുതല്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മൂവി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ 'മാ' ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടനയില്‍ അംഗമായ 450 ഓളം അംഗങ്ങളോട് സെറ്റില്‍ ചീട്ട് കളിയ്ക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടവേളകളില്‍ ഒരു രസത്തിന് വേണ്ടിതുടങ്ങിയ ചീട്ടുകളി പിന്നീട് ചൂതാട്ടമായി മാറിയതോടെയാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയത്.

ഉച്ചഭക്ഷണത്തിനും ചായക്കുള്ള ഇടവേളകളിലുമാണ് താരങ്ങള്‍ ചീട്ട് കളിയുമായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഇത് പിന്നീട് സകല മര്യാദകളും ലംഘിയ്ക്കുന്ന ചൂതാട്ട വിനോദമായി മാറുകയായിരുന്നു. ഷോട്ട് റെഡിയായി എന്ന് സഹസംവിധായകര്‍ വന്ന് അറിയിച്ചാലും അതൊന്നും മൈന്‍ഡ് ചെയ്യാതെ ചീട്ട് കളി തുടരാനാണ് താരങ്ങളില്‍ പലര്‍ക്കും താത്പര്യമത്രേ. ഈ സാഹചര്യത്തിലാണ് സെറ്റിലെ ചീട്ടുകളിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Monday, January 3, 2011

തെലുങ്കു സിനിമയ്ക്ക് നിരാശയുടെ വര്‍ഷം

ഹൈദരാബാദ്: 2010 തെലുങ്കു സിനിമയ്ക്ക് നിരാശയുടെ വര്‍ഷമായിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച സിനിമകളില്‍ ഒട്ടുമിക്കതും ബോക്‌സാഫീസില്‍ തകര്‍ന്നുവീണു. സാറ്റ്‌ലൈറ്റ്, ഡി.വി.ഡി. റൈറ്റ്‌സിന്റെ വില്പനയിലൂടെയാണ് നിര്‍മാതാക്കള്‍ ഒരു പരിധിവരെ പിടിച്ചുനിന്നത്. പക്ഷേ, നീറുന്ന മാനുഷികപ്രശ്‌നങ്ങളെ ചിത്രീകരിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ തെലുങ്കുസിനിമയില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷമായ വര്‍ഷമാണ് 2010. എന്‍റര്‍ടെയ്ന്‍മെന്‍റിന് മാത്രം ഊന്നല്‍ നല്‍കി സ്ഥിരം ഫോര്‍മുലയില്‍ പടച്ചുവിട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ തള്ളിക്കളയുകയായിരുന്നു.

സൂപ്പര്‍താരങ്ങളെ ലക്ഷ്യമിട്ട് രചിച്ച തിരക്കഥകളും ദൃശ്യപരിചരണരീതികളും ആവര്‍ത്തനവിരസത സൃഷ്ടിച്ച് പ്രേക്ഷകരെ നിരാശയിലാഴ്ത്തി. സൂപ്പര്‍ താരങ്ങള്‍ക്കുപോലും പിടിച്ചുനില്ക്കാനായില്ല. കഴിഞ്ഞവര്‍ഷം ടോളിവുഡ്ഡില്‍, തെലുങ്കില്‍ 2010-ല്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ 152 ആണ്. ഇതില്‍ വിജയം നേടിയെന്നു പറയാവുന്ന ചിത്രങ്ങള്‍ വിരളം. 'വേദം' (അല്ലു അര്‍ജുന്‍, മഞ്ചു മനോജ്, അനുഷ്‌ക), 'പ്രസ്ഥാനം' (സായികുമാര്‍, ശര്‍വാനന്ദ്, സന്ദീപ് കിഷന്‍. ഇത് ഗോവ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരേയൊരു തെലുങ്കുചിത്രം), 'ഏം മായാപേശാവേ' (നാഗചൈതന്യ-നാഗാര്‍ജുനയുടെ പുത്രന്‍. സമന്ത, കൃഷ്ണഡു). ലീഡര്‍ (റാണാദഗ്ഗുബാട്ടി-പ്രശസ്ത നിര്‍മാതാവ് രാമനായിഡുവിന്റെ പൗത്രന്‍, റിച്ച), 'അന്തരി ബന്ധുവയ്യ' (സച്ചാനന്ദ്, പത്മപ്രിയ) എന്നീ ചെറുബജറ്റ് ചിത്രങ്ങള്‍ വിജയം കണ്ടവയില്‍ ഉള്‍പ്പെടും. തെലുങ്ക് സിനിമയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നല്‍കിയ ചിത്രങ്ങളാണിവ.

37 കോടി രൂപ മുടക്കി നിര്‍മിച്ച ബാലകൃഷ്ണയുടെ 'സിംഹ'യും രജനീകാന്തിന്റെ റോബോട്ടും (യന്തിരന്‍), 15 കോടി മുടക്കി നിര്‍മിച്ച 'മര്യാദ രാമണ്ണ'യും ജൂനിയര്‍ എന്‍.ടി.ആറിന്റെ 'ബൃന്ദാവന'വും (ഇതിന്റെ മുടക്കുമുതല്‍ 34 കോടി രൂപയാണ്.) പ്രഭാസിന്റെ 'ഡാര്‍ലിങ്ങും' അല്ലരി നരേഷിന്റെ കോമഡി ഹിറ്റായ ബെകിങ് ബങ്കാരരാജുവും ശരാശരി വിജയം നേടിയ ബിഗ്ബജറ്റ് ചിത്രങ്ങളാണ്.



മറ്റു ഭാഷകളില്‍ പോപ്പുലര്‍ ഹിറ്റുകളാകുന്ന ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ സ്റ്റാറുകളെ അണിനിരത്തി വിജയം നേടുകയെന്നത് ഏതാനും വര്‍ഷങ്ങളായി തെലുങ്കു സിനിമയില്‍ പയറ്റുന്ന തന്ത്രങ്ങളിലൊന്നാണ്. അതും കഴിഞ്ഞവര്‍ഷം പാളിപ്പോയി. ചന്ദ്രമുഖി (മണിച്ചിത്രത്താഴ്)യുടെ രണ്ടാം ഭാഗമായ 'നാഗവല്ലി', സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേശ് അഭിനയിച്ചിട്ടും ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല. രാം ഗോപാല്‍വര്‍മ, ആന്ധ്ര രാഷ്ട്രീയത്തിലെ വിചിത്രവ്യക്തിത്വമായിരുന്ന പരിഠാളരവിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മിച്ച 'രക്തചരിത്ര' എന്ന ചിത്രത്തിന്റെ രണ്ടു ഭാഗവും വിജയം വരിച്ചില്ല. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊന്നും വന്‍ വിജയങ്ങളായില്ല. അതുകൊണ്ടുതന്നെ പല സൂപ്പര്‍ സ്റ്റാറുകളും ഒരൊറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് മാറിനില്ക്കുകയായിരുന്നു. എന്നാല്‍, മകന്‍ ഹീറോ ആയി രംഗത്തെത്തിയിട്ടും സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ ജനപ്രീതിക്ക് ഇടിവുതട്ടിയിട്ടില്ല. സമാന്തര-ആര്‍ട്ട് സിനിമകള്‍ തെലുങ്കു സിനിമാരംഗത്തുനിന്ന്അപ്രത്യക്ഷമായിരിക്കുന്നു; ഒപ്പം ജീവിതഗന്ധിയായ റിയലിസ്റ്റിക് ചിത്രങ്ങളും.

Tuesday, November 30, 2010

ശിക്കാരി വരുന്നു




നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ട്രീറ്റമെന്റുമായി ഒരു കന്നട ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ആദ്യമായി കന്നടത്തിലഭിനയിക്കുന്ന 'ശിക്കാരി'യെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
'ഗുബ്ബച്ചികളു' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭയ സിംഹയാണ് മമ്മൂട്ടിയെ കന്നടത്തിലേക്കെത്തിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവശ്രദ്ധ കൊടുക്കുന്ന മമ്മൂട്ടിയാകട്ടെ കഥയുടെ രത്‌നച്ചുരുക്കം കേട്ടയുടന്‍ 'യെസ്' പറയുകയായിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടിയായപ്പോള്‍ സിംഹക്ക് ഇരട്ടി സന്തോഷം.

അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത-ബാംഗഌരില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. യുവസംവിധായകരിലാണ് സിനിമയുടെ ഭാവിയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- യുവത്വത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിരവധി ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടി പറയുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയായ സിംഹ മമ്മൂട്ടി ചിത്രങ്ങളുടെ കടുത്ത ആരാധകനാണ്. ഈ ആരാധനയാണ് ഇദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സിംഹ പറയുന്നു. 'കഥ പറയുമ്പോള്‍ ഭയമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കം കേട്ടയുടന്‍ അദ്ദേഹത്തിന് താല്‍പ്പര്യമായി' -സിംഹ പറഞ്ഞു.

മമ്മൂട്ടിയുടെ അഭിജിത്തിന് സഹപ്രവര്‍ത്തകനായ അവിനാശ് (മോഹന്‍) ലൈബ്രറിയില്‍ നിന്ന് ഒരു നോവല്‍ നല്‍കുന്നു.നോവലില്‍ ആകൃഷ്ടനായ അഭിജിത്ത് അതിലെ കഥാപാത്രത്തെത്തേടി പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങി നില്‍ക്കുന്ന ചിത്രമാണിത്- സിംഹ പറയുന്നു.
ബാംഗഌര്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സെറ്റിട്ടാണ് ലൈബ്രറിരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലൈബ്രേറിയനായി ചിത്രത്തിന്റെ കലാസംവിധായകന്‍ ദിനേശ് മാംഗഌര്‍ അഭിനയിച്ചു.

പുതുമ നിറഞ്ഞതും എന്നാല്‍ വ്യത്യസ്തവുമായ ട്രീറ്റ്‌മെന്റാണ് 'ശിക്കാരി'യുടെ പ്രത്യേകത. ഒരു സ്വപ്‌നത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടാണ് സിംഹ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോവലിലെ കഥാപാത്രത്തെതേടിയുള്ള യാത്രക്കിടെ അഭിജിത്ത് പലയിടത്തും അവരെ കണ്ടുമുട്ടുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.

'ഡ്രീം സെല്ലര്‍' (സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍) എന്ന പേരിലെത്തുന്ന കന്നടനടന്‍ ആദിത്യയാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥാപാത്രത്തിന് കൃത്യമായൊരു പേരില്ലാത്ത ഇദ്ദേഹം ചിത്രത്തില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ബസ് കണ്ടക്ടറായും വഴി യാത്രക്കിടയില്‍ പലയിടത്തുമായി ഡ്രീം സെല്ലറെ അഭിജിത്ത് കണ്ടു മുട്ടുന്നു. കന്നടനടന്‍ രാജേന്ദ്രസിങ് ബാബുവിന്റെ മകനാണ് ആദിത്യ.
1945-കളില്‍ നടക്കുന്ന കഥയെ ആസ്​പദമാക്കി അഭയസിംഹ തന്നെയാണ്

'ശിക്കാരി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലില്‍ അരുണും രേണുകയും തമ്മിലുള്ള പ്രണയമാണ് കഥ. ഇത് ഇന്നത്തെ തലമുറക്ക് വേണ്ടി മാറ്റം വരുത്തിയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
ഉത്തരഹള്ളി ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. മെയ് 21-ന് നടന്ന പൂജയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നടി ഭാരതി വിഷ്ണുവര്‍ധന്‍ സ്വിച്ചോണ്‍ കര്‍മം നടത്തി. മമ്മൂട്ടി ചടങ്ങില്‍ സംബന്ധിച്ചു. 'മുംഗാരു മലൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ ഗണേശ് ക്ലാപ്പടിച്ചു.

ഒരെ സമയം കന്നടത്തിലും മലയാളത്തിലുമായാണ് ശിക്കാരി ചിത്രീകരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ത്തന്നെ മറ്റൊരു പേരുള്ളതിനാല്‍ അനുയോജ്യമായ മറ്റൊരു പേര് തേടുകയാണ് സംവിധായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല. മലയാള പതിപ്പില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കും. കന്നടത്തില്‍ മോഹന്‍, ആദിത്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് മനോജ് (എഡിറ്റിങ്), ഡോ വിക്രം (ക്യാമറ), ഹരികൃഷ്ണ( സംഗീതരചന) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ കൈതപ്രമാണ് ഗാനരചന.

മമ്മൂട്ടിയെക്കൂടാതെ ചിത്രത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. സഹസംവിധായകരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരും മലയാളികളാണ്. സന്തോഷ് കൈതപ്രവും സാഗറും.കൈതപ്രത്തിന്റെ ബന്ധു കൂടിയായ സന്തോഷ, ജയരാജിന്റെ അസിസ്റ്റന്റായി തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം 'ശിക്കാരി' സംഘം ഇപ്പോള്‍ കൊച്ചിയില്‍ രണ്ടാം ഷെഡ്യൂളിലാണ്.

http://www.mathrubhumi.com/movies/location/142638/#storycontent