വിശുദ്ധനായ ഗീവര്‍ഗീസ് സഹദായെക്കുറിച്ച് സിനിമ വരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് ക്രിസ്തുവിന്റെ ധീരനായ പോരാളിയെക്കുറിച്ച് ചിത്രം നിര്‍മിക്കുന്നത്. മൂന്നാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലെ സംഭവവികാസങ്ങളാണ് കഥയുടെ പ്രമേയം.
നടന്‍ ക്യാപ്റ്റന്‍ രാജു, പുതുമുഖതാരം നിവിന്‍ തോമസ് തുടങ്ങി മലയാള സിനിമാരംഗത്തെ ഏറെ പേര്‍ ചരിത്രകഥയായ സിനിമയിലുണ്ട്. എ.ഡി. 280ല്‍ പലസ്തീനിലെ ഡയോപോലീഡ് എന്ന സ്ഥലത്ത് ജനിച്ച ഗീവര്‍ഗീസ് സഹദ, റോമാ സാമ്രാജ്യത്തിന്റെ അധിപനായ ഡയോക്ലിഷ്യഡ് ചക്രവര്‍ത്തിയുടെ സേനാംഗമായിരുന്നു. യുദ്ധത്തില്‍ നിപുണനായ ഗീവര്‍ഗീസ് ക്രിസ്തുവചനങ്ങളിലും മാതൃകയിലും ആകൃഷ്ടനായാണ് ജീവിച്ചുപോന്നത്. പ്രാര്‍ത്ഥനയും വിശ്വാസവും വഴി ആര്‍ജിച്ചെടുത്ത ദൗത്യവഴിയില്‍ ദൈവോന്മുഖമായിരുന്നു ഗീവര്‍ഗീസിന്റെ സേവന ജീവിതം. അങ്ങനെയിരിക്കെ ദൈവനിയോഗമെന്നോണം സേനാപതിയായ ഗീവര്‍ഗീസ് ലിബിയായിലെത്തുന്നു. ലിബിയായിലെ സെലിന ഗ്രാമത്തില്‍ ഘോരസത്വമായ സര്‍പ്പത്തിന്റെ തേര്‍വാഴ്ച മൂലം പൊറുതിമുട്ടിയ ജനങ്ങള്‍. കുടിവെള്ളത്തിനുള്ള ഉറവകളെല്ലാം തടഞ്ഞുനിര്‍ത്തിയ സര്‍പ്പം ദേശത്തെ പെണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കുകയാണ്. പറക്കാനും സംസാരിക്കാനും കഴിയുന്ന സര്‍പ്പത്തിന് ഇരയായി ദിവസം ഓരോ പെണ്‍കുട്ടികളെ വേണം. സെലിന ഗ്രാമത്തിലെ സര്‍വശക്തികളും സര്‍പ്പിത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. നാടുവഴിയായ ലോമിയോസ് രാജാവും തന്റെ പ്രജകളുടെ ദുഃഖം കണ്ട് ഒന്നും ചെയ്യാനാകാത്ത ദയനീയസ്ഥിതിയില്‍ കഴിഞ്ഞുകൂടുകയാണ്. അങ്ങനെ നാടുവാഴിയായ ലോമിയോസ് രാജാവിന്റെ ഏക മകള്‍ ശലോമിയെ സര്‍പ്പിത്തിനുനല്‍കേണ്ട ഊഴമായി. വേദനയോടെ തന്റെ അരുമസന്താനത്തെ സര്‍പ്പത്തിനുനല്‍കി നാടുവാഴി വേദനയോടെ മടങ്ങി. ലോമിയോസിന്റെ മനസ്സില്‍ കൊടിയ ദുഃഖവും നിരാശയുമായി തളര്‍ന്നിരുക്കുമ്പോഴാണ് തന്റെ മകള്‍ യാതൊരു കുഴപ്പവും സംഭവിക്കാതെ തിരിച്ചുവരുന്നത്. കൂടെ കുതിരപ്പുറത്തേറി സേനാപതിയായ ഗീവര്‍ഗീസ് സഹദായും. കയ്യിലെ കുന്തംകൊണ്ട് സര്‍പ്പത്തെ വക വരുത്തി. സേനാപതി തന്റെ ജീവന്‍ രക്ഷിച്ച കഥ മകള്‍ നാടുവാഴിയോട് വിവരിച്ചു. ഇതിനു പ്രത്യുപകാരമായി സ്വന്തം മകളെത്തന്നെ ഗീവര്‍ഗീസിന് നല്‍കാന്‍ നാടുവാഴി തയ്യാറായെങ്കിലും ഗീവര്‍ഗീസ് സ്‌നേഹപൂര്‍വം നിരസിച്ചു. ഒടുവില്‍ തന്റെ രാജ്യവും സ്വത്തും പകുത്തു നല്‍കാമെന്നു പറഞ്ഞിട്ടും ഒന്നും പ്രതിഫലമായി സ്വീകരിക്കാതെ ഗീവര്‍ഗീസ് യാത്രയാകുന്നു. തിന്മയുടെയും പൈശാചികതയുടെയും പ്രതീകമായ സാത്താന്റെ അവതാരരൂപമായ സര്‍പ്പത്തിന്റെ നാശത്തിന് താന്‍ വെറുമൊരു നിമിത്തമായി എത്തിയതാണെന്നും ദൈവാനുഗ്രഹവും കൃപയുമാണ് ഇതിനൊക്കെ കാരണമായതെന്നും ഈ നിയോഗത്തില്‍ പങ്കാളിയാകാന്‍ ഭാഗ്യം ലഭിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ച് വിശ്വാസത്തോടെ ജീവിക്കാനും തിന്മകളെ വര്‍ജിക്കാനും ആഹ്വാനം ചെയ്ത് ഗീവര്‍ഗീസ് മടങ്ങുന്നു.
കൊച്ചിയുടെ വിവിധ സ്ഥലങ്ങളില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ഈസ്റ്ററിനു മുമ്പ് പ്രദര്‍ശനത്തിനെത്തും. ക്യാപ്റ്റന്‍ രാജുവാണ് നാടുവാഴിയായ ലോമിയോസിന്റെ വേഷത്തിലെത്തുന്നത്. യുവ നടന്‍ നിവിനാണ് ഗീവര്‍ഗീസ് സഹദയായി അഭിനയിക്കുന്നത്. മാവേലിക്കരയിലെ സെന്റ് തോമസ് ഫിലിം മിനിസ്ട്രിയുടെ കീഴില്‍ ഫാ. പി.കെ. വര്‍ഗീസാണ് നിര്‍മാണം.
ഔദ്യോഗിക ജീവിതത്തില്‍ പട്ടാളക്കാരനായും സെന്റ് ജോര്‍ജിന്റെ ഭക്തനും ഇടപ്പള്ളിക്കാരനുമായ തനിക്ക് ഇങ്ങനെയൊരു വേഷം കിട്ടിയതില്‍ ഏറെ സന്തോഷവാനാണെന്ന് ക്യാപ്റ്റന്‍ രാജു പറഞ്ഞു. മാവേലിക്കര ഭദ്രാസനാധിപന്‍ മാര്‍ പകോമിയോസ് തിരുമേനിയാണ് സിനിമയുടെ സ്വിച്ചോണ്‍കര്‍മം നിര്‍വഹിച്ചത്. ഗാനങ്ങള്‍ പൂവ്വച്ചല്‍ ഖാദര്‍, സംഗീതം അജിത് സുകുമാര്‍, കലാസംവിധാനം സാബു, രചന ജോസ് തിരുനിലത്ത്, സി.വി. ഹരീന്ദ്രന്‍ എന്നിവരാണ്. മധു ബാലകൃഷ്ണനും ശ്വേതയുമാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഛായാഗ്രഹണം റജി, സംവിധാനം ലിന്‍സണ്‍ റാഫേല്‍.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വിഷയാസക്തികളാല്‍ വഴിതെറ്റുന്ന ഇന്നത്തെ യുവത്വത്തിനുവേണ്ടി നന്മയിലേക്കുള്ള വഴി കാട്ടിയായാണ് ഈ ചിത്രം സമര്‍പ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ശില്പികള്‍ പറഞ്ഞു.