Tuesday, January 11, 2011

ആളുകള്‍ അമരവും പോക്കിരിരാജയും കാണട്ടെ: മമ്മൂട്ടി



താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

“ഞാന്‍ എന്നെത്തന്നെ എപ്പോഴും പരീക്ഷിക്കുകയാണ്. ഓരോ സിനിമയിലും പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവും. മനസിലായില്ലെങ്കില്‍ എന്‍റെ പരീക്ഷണം പരാജയപ്പെട്ടു എന്നര്‍ത്ഥം” - ഗൃഹലക്‍ഷ്മിക്കുവേണ്ടി മോന്‍സി ജോസഫിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.

“സാധാരണ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നമ്മളെ മോഹിപ്പിക്കും. അങ്ങനെയുള്ളവ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഒരു പേടിത്തൊണ്ടനാണ്. എനിക്കങ്ങനെ വലുതായിട്ടൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും, എപ്പോഴും ബെസ്റ്റ് ആയിക്കൊണ്ടിരിക്കാനുള്ള ഒരു ശ്രമമുണ്ട്. ഒരു പ്രാവശ്യം ബെസ്റ്റ് ആയാല്‍ അടുത്ത തവണയും അങ്ങനെ തന്നെയാകണം. ഇങ്ങനെ ഓരോ തവണയും പഴയതിനേക്കാള്‍ ബെസ്റ്റ് ആകണം. എന്‍റെ ഏറ്റവും പുതിയ സിനിമ നന്നായിരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചുവര്‍ഷം മുമ്പത്തെ പടം നല്ലതായിരുന്നു എന്നു പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നില്ല. പഴയ മമ്മൂട്ടിയാവാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ വളരുന്നു എന്നതാണ് എന്‍റെ സന്തോഷം” - മെഗാസ്റ്റാര്‍ തന്‍റെ രീതി പറയുന്നു.

താന്‍ അത്ര ഗൌരവക്കാരനൊന്നുമല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ സീരിയസ് ആയതിനാല്‍ താനും അങ്ങനെയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. “സീരിയസ് സിനിമകള്‍ ചെയ്യുമ്പോള്‍ അറിയാതെ ഒരു സീരിയസ് ഇമേജ് വരും. പഴയ തലമുറയിലെ ആളുകള്‍ കുറച്ച് അകലം കാണിച്ചിരുന്നു. പുതിയ തലമുറക്കാര്‍ എത്ര സ്വതന്ത്രമായാണ് എന്നോട് പെരുമാറുന്നത്. ഇത്രയേറെ വേഷപ്പകര്‍ച്ചകള്‍ സാധിച്ചതിനു പിന്നില്‍ എന്‍റെ ഭാഗത്തുനിന്ന് ഒരു കഠിനശ്രമമുണ്ട്. ഭാഗ്യവുമുണ്ടാകാം. പലതരം കഥകള്‍ എന്‍റെ മുന്നിലേക്ക് വരുന്നു. പുതുമയുള്ള കഥകളോടാണ് എനിക്ക് താല്‍പ്പര്യം” - മമ്മൂട്ടി വ്യക്തമാക്കുന്നു.