Sunday, January 30, 2011

ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ പിന്‍മുറക്കാര്‍



ഉപ്പുകണ്ടം ചട്ടമ്പിമാരിലെ പുതിയ പരമ്പര വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഉപ്പുകണ്ടം ബ്രദേഴ്‌സിലെ മൂത്തവനായ കോര (സുകുമാരന്‍) യുടെ മൂത്ത മകള്‍ കുഞ്ഞന്നാമ്മയുടെ മകന്‍ ബോബിയാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുന്നത്. തമിഴ് നായകനടനായ ശ്രീകാന്താണ് ബോബിയായി വേഷമിടുന്നത്. ശ്രീകാന്ത് ആദ്യമായാണ് മലയാളത്തിലെത്തുന്നത്.

മാസ് റീല്‍സിനുവേണ്ടി ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന 'ഉപ്പുകണ്ടം ബ്രദേഴ്‌സ് കകാം ഭാഗം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ഉപ്പുകണ്ടം ചട്ടമ്പികളായ കോരച്ചന്‍, കറിയാച്ചന്‍, പോളച്ചന്‍, സേവിച്ചന്‍, ജോയിച്ചന്‍, ബെന്നിച്ചന്‍ എന്നിവരെ വെല്ലുന്ന ചട്ടമ്പിയാണ് ബോബി. പിതാവിനെപ്പോലെ മകന്‍ ബോബി ഒരു ചട്ടമ്പിയായി വളരുന്നതില്‍ അമ്മ കുഞ്ഞാന്നമ്മ(സീമ)യ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. പക്ഷേ, മൂത്ത മകള്‍ കൊച്ചമ്മിണി ബോബിക്ക് പൂര്‍ണ പിന്തുണ നല്‍കിയതോടെ, ബോബി ഉപ്പുകണ്ടം ചട്ടമ്പിമാരെ വെല്ലുന്ന ചട്ടമ്പിയായി വളര്‍ന്നു.

ബോബിയുടെ അടുത്ത സുഹൃത്താണ് ആക്രി ഷാജി (സൂരാജ് വെഞ്ഞാറമ്മൂട്). മുഴുവന്‍ സമയവും വടിവാളുമായി നടക്കുന്ന ഗുണ്ടയാണ് ഷാജി. ബോബിയുടെ പേരു പറഞ്ഞാണ് ഷാജി ജീവിക്കുന്നത്. ബോബി സ്വന്തമായി നടത്തുന്ന പാറമട, തിയേറ്റര്‍ എന്നിവിടങ്ങളിലെല്ലാം ഷാജിയെ കാണാം. മദ്യപാനവും പെണ്ണുപിടുത്തവുമായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. എന്തു കാര്യത്തിനിറങ്ങിയാലും നൂറില്‍ നൂറായിരുന്നു ബോബി. ഉപ്പുകണ്ടംകാരുടെ പ്രധാന ശത്രുവായ സത്യനേശന്‍ പോലും ഈ കാര്യം സമ്മതിക്കും. ആരുടെ മുന്‍പിലും തോല്‍ക്കാത്ത ബോബി ഒരാളുടെ മുന്‍പില്‍ മാത്രമാണ് തോറ്റത്. ഉപ്പുകണ്ടംകാരുടെ ആശ്രിതനായിരുന്ന മാരാരുടെ മകള്‍ ശ്രീലക്ഷ്മിയുടെ (ഹണി റോസ്) മുന്‍പില്‍.

എട്ടുവീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ എട്ടുവീട്ടില്‍ ഗണേശനെ അവതരിപ്പിച്ചുകൊണ്ട് തെലുങ്ക്-തമിഴ് നടന്‍ റിച്ചാര്‍ഡ് മലയാളത്തിലെത്തുന്നു. ബോബിയുടെ അനുജന്‍ ലണ്ടനില്‍നിന്നു വരുന്ന സെബാനായി പ്രേംനസീറിന്റെ കൊച്ചുമകന്‍ ഷമീര്‍ഖാന്‍ വേഷമിടുന്നു. രചന-ജെറി മാത്യു, ക്യാമറ-ശെന്തില്‍കുമാര്‍. ശ്രീകാന്ത്, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, ജഗദീഷ്, റിച്ചാര്‍ഡ്, ബാബു ആന്റണി, ബൈജു, ഷമീര്‍ഖാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ജോസഫ്, സ്ഫടികം സണ്ണി, കൊല്ലം ഷാ, കോട്ടയം പുരുഷന്‍, സീമ, വാണിവിശ്വനാഥ്, ഹണിറോസ്, വിനില എന്നിവര്‍ അഭിനയിക്കുന്നു.