Tuesday, August 9, 2011

സിദ്ദിഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍


വിയറ്റ്‌നാം കോളനിക്ക് ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനം ഷൂട്ടിങ് തുടങ്ങുന്ന പുതിയ ചിത്രം 2012 ലെ ലാലിന്റെ പ്രധാന റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക. 1992 ലാണ് സിദ്ദിഖ്-ലാല്‍ ടീമിന്റെ വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിയേറ്ററുകളെ ജനസമുദ്രമാക്കിയത്. ബോഡിഗാര്‍ഡിന് ശേഷം തുടങ്ങാനിരുന്ന ചിത്രം സിദ്ദിഖിന്റെ തിരക്ക് കാരണം മാറ്റിവെക്കുകയായിരുന്നു. ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിന് ശേഷം അത് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന തിരക്കിലായിരുന്നു സിദ്ദിഖ്. സല്‍മാന്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതിന്റെ റിലീസിന് ശേഷമാകും ലാല്‍ ചിത്രത്തിന്റെ തിരക്കഥാ ജോലികളിലേക്ക് സിദ്ദിഖ് കടക്കുക.

Friday, August 5, 2011

അരക്കള്ളനും മുക്കാക്കള്ളനും ഇനി വൈകില്ല


മലയാളി പ്രേക്ഷകരൊന്നടങ്കം കാത്തിരിയ്ക്കുന്ന അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രൊജക്ടിന്റെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് കാലമേറെയായി. മലയാളത്തിലെ നമ്പര്‍ വണ്‍ തിരക്കഥാകൃത്തുക്കളായ സിബി ഉദയന്‍ ടീമിന്റെ തിരക്കഥയില്‍ താരരാജാക്കന്മാരായ മമ്മൂട്ടിയും ലാലും ഒന്നിയ്ക്കുന്ന സിനിമയെപ്പറ്റി തന്നെയാണ് പറഞ്ഞുവരുന്നത്.

ഇരട്ടതിരക്കഥാകൃത്തുകളുടെ ആദ്യസംവിധാസംരംഭമെന്നായിരുന്നു ഈ പ്രൊജക്ടിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ മമ്മൂട്ടി ലാലിനെയും പോലെ ഒരുപക്ഷേ അവരേക്കാളേറെ സിബിയും ഉദയനും തിരക്കില്‍പ്പെട്ടതോടെ ഈ സിനിമയും നീണ്ടുപോയി.

സിനിമയുടെ കഥയെഴുതി വന്നപ്പോള്‍ ജനപ്രിയ നായകന്‍ ദിലീപും ഈ സിനിമയിലെത്തിയിരുന്നു. അരക്കള്ളനെയും മുക്കാക്കള്ളന്റെയും എര്‍ത്തായി നടക്കുന്ന കഥാപാത്രമായിട്ടാണ് ദിലീപ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ രംഗപ്രവേശം.

എന്തായാലും തങ്ങളുടെ ഡ്രീം പ്രൊജക്ട് ഇനിയും വൈകിയ്‌ക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് സിബി ഉദയന്‍മാര്‍. മറ്റുള്ള സംവിധായകര്‍ക്ക് തിരക്കഥയെഴുതിക്കൊടുക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തി തങ്ങളുടെ അരക്കള്ളനെയും മുക്കാക്കള്ളനെയും സ്‌ക്രീനിലെത്തിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു.

ദിലീപിനെ നായകനാക്കി ജോസ്‌തോമസ് സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അവറാച്ചന് ശേഷം സ്വന്തം ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് സിബിയും ഉദയനും തീരുമാനിച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ പ്ലേഹൗസ് നിര്‍മിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2012 ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.