Monday, January 24, 2011

ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി



നല്ല റോളുകള്‍ക്ക് വേണ്ടി എന്ത് കഷ്ടപ്പാട് സഹിയ്ക്കാനും തയാറുള്ള താരമാണ് സിദ്ദിഖ്. കോമഡി താരമായും വില്ലനായും സ്വഭാവനടനായുമൊക്കെ ഒരേ സമയം തിളങ്ങുന്ന സിദ്ദിഖിനെ പോലുള്ള നടന്മാര്‍ മലയാളത്തില്‍ കുറവാണ്.

ഏതെങ്കിലുമൊരു സിനിമയുടെ ചര്‍ച്ച തുടങ്ങിയാല്‍ ആ സിനിമയിലെ വേഷങ്ങളെപ്പറ്റി സിദ്ദിഖ് സ്വന്തമായി അന്വേഷണം നടത്താറുണ്ടത്രേ. നായക വേഷത്തിനപ്പുറം ഏതെങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന റോളുകളുണ്ടെങ്കില്‍ അത് എങ്ങനെയെങ്കിലും സ്വന്തമാക്കാനും സിദ്ദിഖ് ശ്രമിയ്ക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെച്ച വേഷമായാലും സിദ്ദിഖ് അതൊന്നും കാര്യമാക്കില്ല.

ഏറ്റമൊടുവില്‍ മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലാണ് സിദ്ദിഖ് ഇത്തരമൊരു വേഷം ഒപ്പിച്ചത്. സിനിമയുടെ ഡിസ്‌ക്കഷന്‍ തുടങ്ങിയപ്പോള്‍ തന്നെ മമ്മൂട്ടിയുടെ വേഷത്തിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രം സിനിമയിലുണ്ടെന്ന് സിദ്ദിഖ് മണത്തറിഞ്ഞിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ സംവിധായകന്‍ ഷാജി കൈലാസ് മറ്റൊരു നടനെയാണ് കണ്ടുവെച്ചതെന്നും നടന് മനസ്സിലായി.

തനിയ്ക്ക് ആ റോള്‍ കിട്ടുകയാണെങ്കില്‍ ഗംഭീരമാക്കാന്‍ കഴിയുമെന്നൊരു വിശ്വാസം സിദ്ദിഖിനുണ്ടായി. ഷാജിയോട് സംസാരിച്ച് റോള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി അനുകൂലമായില്ല. ഇതുകൊണ്ടൊന്നും സിദ്ദിഖ് പിന്‍മാറിയില്ല. നേരെ നിര്‍മാതാവ് അരോമ മണിയെ കണ്ട് സിദ്ദിഖ് കാര്യം അവതരിപ്പിച്ചു. പ്രതിഫലമുള്‍പ്പെടെയുള്ള കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും ആഗസ്റ്റ് 15ല്‍ ഏറെ പ്രത്യേകതകള്‍ ഉള്ള കഥാപാത്രം തനിയ്ക്ക് തന്നെ വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഇത്തിരി ഭീഷണി കൂടി കലര്‍ത്തിയുള്ള സിദ്ദിഖിന്റെ ശ്രമം ഒടുവില്‍ ഫലം കണ്ടു. അങ്ങനെ ആഗസ്റ്റ് 15ലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രം സിദ്ദിഖിന് സ്വന്തമായി.

മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പെരുമാളിനൊപ്പം നില്‍ക്കുന്ന സിദ്ദിഖിന്റെ കഥാപാത്രവും ഉഗ്രനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല കഥാപാത്രങ്ങളോട് സിദ്ദിഖ് കാണിയ്ക്കുന്ന ആവേശം തന്നെയാണ് നടനെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാം!