Tuesday, December 14, 2010

എന്തുകൊണ്ട് ലാല്‍ കാക്കിയിടണം?നമ്മുടെ രാജ്യാഭിമാനത്തിന് ആവേശം പകരാന്‍ വീണ്ടും മോഹന്‍ലാല്‍. മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാറില്‍ മേജര്‍ മഹാദേവനായി ലാല്‍ വീണ്ടും മലയാളിക്കു മുന്നിലെത്തുകയാണ്. അടുത്തുതന്നെ, പ്രിയദര്‍ശന്‍-ലാല്‍ ചിത്രമായ 'തേസ്' പ്രദര്‍ശനത്തിന് എത്തിയേക്കും. തേസില്‍ പോലീസ് ഓഫീസറായാണ് ലാല്‍ രംഗത്തുവരുന്നത്. ലാലിന്റെ ഈ സൈനിക/പോലീസ് വേഷംതന്നെയായിരിക്കും ഒരുപക്ഷേ, ഇനിയുള്ള നാളുകളില്‍ നമ്മുടെ ആവേശം.

എന്തുകൊണ്ട് ലാലിന്റെ സൈനിക/പോലീസ് വേഷങ്ങള്‍ നമ്മെ ആവേശം കൊള്ളിക്കുന്നു? എനിക്കും നിങ്ങള്‍ക്കും കഴിയാത്ത രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ പൊതു ദൗത്യങ്ങളാണ് ലാലിന്റെ ഈ വേഷങ്ങളിലൂടെ സാര്‍ഥകമാവുന്നത്. സ്വയം കാര്യമായി ഒന്നും ചെയ്യാതെ, മറ്റുള്ളവര്‍ അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മലയാളിയുടെ പൊതുശൈലിതന്നെ ഇതിലും ബാധകം. ക്ഷോഭിക്കുന്ന യുവത്വത്തിന്റെ അമര്‍ഷങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച് ഒരുകാലത്ത് കൈയടി നേടിയ അമിതാഭ്ബച്ചനെ ഓര്‍ക്കാം. അഫ്ഗാന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ വിമാനം റാഞ്ചിയ സംഭവമാണ് മേജര്‍ രവി കാണ്ഡഹാറിലൂടെ അവതരിപ്പിക്കുന്നത്. വിമാനം മോചിപ്പിക്കുന്നതില്‍ മേജര്‍ മഹാദേവന്റെ ദൗത്യം അസാമാന്യമായ ഗെറ്റപ്പില്‍ ലാല്‍, കാണ്ഡഹാറില്‍ അവതരിപ്പിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആവേശം കടലോളമായേക്കും. തനതായ ശരീരഭാഷയും അഭിനയശൈലിയും പലരീതിയില്‍ സൈനികവത്കരിക്കപ്പെട്ടു കഴിഞ്ഞ ലാലിന്റെ പുതിയ ഇമേജും അതിന് ശക്തിപകരും. 'കമ്പനി'ക്കും 'ആഗി'നും ശേഷം മൂന്നാംതവണയാണ് 'തേസി'ലൂടെ ലാല്‍ പോലീസ് വേഷത്തില്‍ ബോളിവുഡിലെത്തുന്നത്. 1994-ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രം 'സ്​പീഡി'ന്റെ ഹിന്ദി റീമേക്കായ 'തേസി'ല്‍ ശിവമേനോന്‍ എന്ന പോലീസ് ഓഫീസറായാണ് ലാല്‍ വേഷമിടുന്നത്.

പ്രിയദര്‍ശനും മേജര്‍ രവിയും കണ്ടെത്തുന്ന ലാലിന്റെ പോലീസ്/സൈനിക 'ശരീര'ങ്ങള്‍ എന്തുകൊണ്ട് മറ്റു മലയാളി സംവിധായകര്‍ക്ക് വഴങ്ങുന്നില്ല. രാജാവിന്റെ മകനിലൂടെ മികച്ച 'ആക്ഷന്‍' പ്രകടിപ്പിച്ച ലാല്‍, 'ബാബാകല്യാണി'യിലും 'ഒളിമ്പ്യന്‍ അന്തോണി ആദ'ത്തിലും 'ശ്രദ്ധ'യിലും കാക്കിയുടെ സാഹസികമായ ഉത്സാഹങ്ങള്‍ രൂപപ്പെടുത്തിയില്ലല്ലോ. എങ്കിലും മറുനാടന്‍ മലയാളി സംവിധായകര്‍ (പ്രിയദര്‍ശനും മേജര്‍ രവിയും ക്ഷമിക്കുക) കണ്ടെത്തുന്ന ലാലിന്റെ ശരീരഭാഷയ്ക്ക് മലയാളത്തില്‍ത്തന്നെ നല്ല തുടര്‍ച്ചയും സാധ്യതയും രൂപപ്പെടണം.

സിനിമ കലയും കച്ചവടവുമാണെന്ന പൊതുബോധത്തില്‍ അത് അങ്ങനെത്തന്നെ വേണം. ലാലിന്റെ കാക്കികണ്ട്, നാഴികയ്ക്ക് നാല്പതുവട്ടം മുംബൈ പോലീസ് ഓഫീസര്‍മാരെ വെള്ളിത്തിരയില്‍ കണ്ടുകഴിഞ്ഞ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കൈയടിക്കുന്നെങ്കില്‍ എന്തുകൊണ്ട് മലയാളി പ്രേക്ഷകര്‍ക്കും ആ അവസരം നിഷേധിക്കപ്പെടണം. ലാലിന്റെ പോലീസ്/സൈനിക ശരീരഭാഷയിലെ ത്രസിപ്പിക്കുന്ന ഊര്‍ജം നമുക്കും വേണം. കാണ്ഡഹാര്‍ അതിന് വേഗം കൂട്ടും.