Thursday, June 9, 2011
സീനിയേഴ്സ് പണം വാരുന്നു, പൃഥ്വിക്ക് ഇരട്ട വിജയം
‘പോക്കിരിരാജ’യുടെ മെഗാവിജയം ആവര്‍ത്തിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ‘സീനിയേഴ്സ്’ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ് സീനിയേഴ്സ്. ബിജുമേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ കോമഡികളും ആര്‍ക്കും പ്രവചിക്കാനാവാത്ത ക്ലൈമാക്സ് ട്വിസ്റ്റുമാണ് ചിത്രത്തെ വന്‍ വിജയമാക്കിയത്.
വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ നാലരക്കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയര്‍ ലഭിച്ചിരിക്കുന്നത്. സീനിയേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ് 3.8 കോടി രൂപ മാത്രമായിരുന്നു. ലോംഗ് റണ്ണില്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭമായിരിക്കും സീനിയേഴ്സ് നേടിക്കൊടുക്കുകയെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.
മോഹന്‍ലാലിന്‍റെ ചൈനാ ടൌണ്‍ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. ദിലീപിന്‍റെ സ്ലാപ്സ്റ്റിക് കോമഡിയും മോഹന്‍ലാല്‍, ജയറാം എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ചൈനാ ടൌണിന്‍റെ ഹൈലൈറ്റ്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ഏഴുകോടിയോളം രൂപ കളക്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഇരട്ടവിജയം സ്വന്തമാക്കിയതാണ് ഏറ്റവും പ്രത്യേകതയുള്ള വാര്‍ത്ത. പൃഥ്വിയുടെ മാണിക്യക്കല്ല് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തും ഉറുമി നാലാം സ്ഥാനത്തുമാണ്. ഹൃദയഹാരിയായ ഒരു കുടുംബചിത്രം എന്ന ലേബലാണ് മാണിക്യക്കല്ലിനെ ഹിറ്റാക്കുന്നത്. ദൃശ്യവിസ്മയം എന്ന നിലയില്‍ ഉറുമിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ജയസൂര്യ നായകനായ ‘ജനപ്രിയന്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. പ്രേക്ഷകര്‍ക്ക് മനംനിറഞ്ഞ് ചിരിക്കാനുള്ള അവസരമാണ് ഈ ചിത്രം ഒരുക്കുന്നത്. ജയസൂര്യയുടെ കരിയറില്‍ ഈ ചിത്രത്തിന്‍റെ വിജയം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതീക്ഷയുണര്‍ത്തുന്നു.
Labels:
china town,
cinema news updates,
Film News,
janapriyan,
malayalam movie seniors,
manikyakallu,
urumi