Thursday, June 9, 2011
പൃഥ്വിക്ക് പിന്നാലെ മമ്മൂട്ടിയും സ്കൂള്‍ അധ്യാപകന്‍
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പാളിച്ചകള്‍ തുറന്നുകാട്ടിയ സിനിമയാണ് മാണിക്യക്കല്ല്. പൃഥ്വിരാജ് വിനയചന്ദ്രന്‍ എന്ന സ്കൂള്‍ അധ്യാപകനെ അവതരിപ്പിച്ച ചിത്രം. ഇപ്പോഴിതാ, മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്കൂള്‍ അധ്യാപകനായി വരുന്നു. നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ അധ്യാപക വേഷം.
ബുദ്ധദേബ് തന്നെയാണ് ഈ പ്രൊജക്ട് വിവരം അറിയിച്ചത്. മമ്മൂട്ടിയുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഉടന്‍ തന്നെ കേരളത്തിലെത്തും. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ബംഗാളിലെ പൊലെ തന്നെ തന്‍റെ സിനിമകള്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും പരിചിതമാണെന്ന് ബുദ്ധദേബ് ദാസ് ഗുപ്ത പറഞ്ഞു. മമ്മൂട്ടിയെ താനൊരു സൂപ്പര്‍സ്റ്റാറായല്ല കാണുന്നതെന്നും കഠിനാദ്ധ്വാനിയായ ഒരു നല്ല നടനായാണ് അദ്ദേഹത്തെ വിലയിരുത്തുന്നതെന്നും ബുദ്ധദേബ് വ്യക്തമാക്കി.
കാല്‍പുരുഷ്, ജനാല, സ്വപ്നേര്‍ ദിന്‍, ചരാചര്‍, ഫേര, ഉത്തര, ലാല്‍ ദര്‍ജ, നീം അന്നപൂര്‍ണ, ദൂരത്വ, ആന്ദി ഗലി, ബാഗ് ബഹാദൂര്‍, മൊന്ദോ മെയര്‍ ഉപാഖ്യാന്‍ തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനാണ് ബുദ്ധദേബ് ദാസ് ഗുപ്ത.
കൊച്ചുതെമ്മാടി, തനിയാവര്‍ത്തനം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി സ്കൂള്‍ അധ്യാപകനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയാണ്. ബുദ്ധദേബ് ദാസ് ഗുപ്തയുടെ ചിത്രവും തനിക്ക് കരിയറില്‍ ഗുണം ചെയ്യുമെന്നാണ് മമ്മൂട്ടി പ്രതീക്ഷിക്കുന്നത്.