Tuesday, June 14, 2011

‘ഇന്ത്യന്‍ റുപ്പീ’ ജൂലൈയില്‍, അമലാ പോള്‍ നായിക



രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’യില്‍ അമലാ പോള്‍ നായിക. തമിഴകത്തെ ഈ ‘മൈന’പ്പെണ്ണ് മലയാളത്തില്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. പൃഥ്വിരാജാണ് നായകന്‍. സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, പൃഥ്വിരാജിന്‍റെ 'ഓഗസ്‌റ്റ്‌ സിനിമ’യും രഞ്ജിത്തിന്‍റെ കാപിറ്റോള്‍ തീയേറ്ററും ചേര്‍ന്ന്‌ നിര്‍മ്മിക്കും.

മെയിന്‍‌സ്ട്രീം സിനിമയിലേക്ക് മഹാനടന്‍ തിലകന്‍റെ തിരിച്ചുവരവും ഈ ചിത്രത്തിലൂടെ ഉണ്ടാകും. നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷഹബാസ് അമനാണ് സംഗീതം. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പീയുടേത്. ഇന്നത്തെ യുവത്വത്തിന്‍റെ കഥയാണിത്. ‘ജെ പി’ എന്ന ജയപ്രകാശിനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ പ്രതീകം. പുതിയ തലമുറയുടെ കഥയെന്നു പറയുമ്പോള്‍ ആട്ടവും പാട്ടും ബൈക്കും റൊമാന്‍സും കോളജുമൊക്കെ ചേര്‍ത്തൊരു മസാല ഒനുമല്ല ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത്, പണത്തിനോട് അത്യാര്‍ത്തി പൂണ്ട് നടക്കുന്ന യുവത്വത്തിന്‍റെ കഥയാണിത്.

ജെ പിയുടെ മുത്തച്ഛന്‍ ഗാന്ധിയനായ ഒരു കള്ളുചെത്തുകാരനായിരുന്നു. ഒരു തുള്ളി കള്ള് പോലും കഴിക്കാത്ത കള്ളുചെത്തുകാരന്‍. മഹാത്മാഗാന്ധിയോടുള്ള ആദരവ് കാരണം അയാള്‍ മകന് ഗാന്ധി എന്ന് പേരിട്ടു. മുഴുക്കുടിയനായിരുന്നു ഗാന്ധി. ഗാന്ധിയാകട്ടെ മകന് ജയപ്രകാശ് എന്ന് പേരിട്ടു. ഒരുദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്നായിരുന്നു അവന്‍റെ ചിന്ത. എല്ലാ പണക്കാരും അവന്‍റെ ദൈവങ്ങളായി. പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ റുപ്പീയിലെ ജെ പി.