Thursday, February 3, 2011

Review: Ithu Nammude Katha



ആത്മാര്‍ത്ഥസുഹൃത്തുക്കളാണ് വിനോദും (അസിഫ് അലി) സന്തോഷും (നിഷാന്‍) കൊച്ചുമോനും (അഭിഷേക്). സ്വന്തമായി ഒരു കം‌പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുക എന്ന ലക്ഷ്യവുമായി നടക്കുന്ന സന്തോഷ്, വിനോദിന്റെ സഹോദരിയുമായി (നിമിഷ) പ്രണയത്തിലാണ്. വിനോദിനുമുണ്ട് ഒരു ലക്ഷ്യം: ഒരു സര്‍ക്കാര്‍ ജോലി. അതു കിട്ടിയില്ലെങ്കില്‍ മുറപ്പെണ്ണ് കല്യാണിയെ (അനന്യ) അമ്മാവന്‍ (ജഗതി ശ്രീകുമാര്‍) വേറെ ആര്‍ക്കെങ്കിലും പിടിച്ചുകൊടുക്കും. കൊച്ചുമോന്റെ ലക്ഷ്യം പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച് ഗള്‍ഫിലെത്തുക എന്നതാണ്. കാരണം, രണ്ടാം ഭാര്യയെ ഭയന്ന് മകനോടുള്ള സ്നേഹം ഒളിപ്പിച്ചു വയ്‌ക്കുകയും അവനെ തള്ളിപ്പറയുകയും ചെയ്യുന്ന അച്ഛനാണ് അയാളുടെ ദുഃഖം.

വിനോദിന്റെ സുഹൃത്തായ മഹേഷ് (വിനീത്കുമാര്‍) ഒരു ദിവസം ഇവരെ തേടി വരുന്നു. കാമുകിയെ (അമല പോള്‍) മറ്റൊരാള്‍ സ്വന്തമാക്കാന്‍ പോകുന്നതില്‍ മനം നൊന്താണ് അയാളുടെ വരവ്. മഹേഷിനെ സഹായിക്കാന്‍ സുഹൃദ്സംഘം തീരുമാനിക്കുന്നതോടെ ശാന്തമായിരുന്ന അവരുടെ ജീവിതം കലുഷിതവും പ്രശ്‌നഭരിതവുമാകുന്നു. മഹേഷിനെയും കാമുകിയേയും ഒന്നിപ്പിക്കാന്‍ ഈ സുഹൃത്തുക്കള്‍ക്കു കഴിയുന്നുണ്ടെങ്കിലും തീര്‍ത്താല്‍ തീരാത്ത നഷ്‌ടങ്ങളാണ് മൂന്നു പേരെയും തേടിയെത്തിയത്. ആ നഷ്‌ടങ്ങളേക്കാള്‍ അമ്പരപ്പിച്ച ചിലതും പിന്നീടവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

FIRST IMPRESSION
സമുദ്രക്കനി എഴുതി സംവിധാനം ചെയ്‌ത നാടോടികള്‍ (2009) എന്ന നല്ല തമിഴ് ചിത്രത്തിന്റെ ഒരു മലയാളീകരിച്ച വിവര്‍ത്തനമാണ് രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇതു നമ്മുടെ കഥ എന്നു പറയാം. (മോഷണമല്ല, റീമേക്കാണ് ഈ ചിത്രം. കഥ സമുദ്രക്കനിയുടേതാണെന്ന് വ്യക്തമായി എഴുതിക്കാണിക്കുന്നുമുണ്ട്.) അതേ കഥാപാത്രങ്ങള്‍, അതേ കഥാഗതി.. സീനുകളും പാട്ടുകളും ഡയലോഗുകളുമൊക്കെ ഏറെക്കുറേ അതേപടി. ഒന്നാന്തരം തമിഴ് പശ്ചാത്തലത്തിലുള്ള കഥയെ കുട്ടനാട്ടിലേക്ക് വലിയ പരിക്കുകളില്ലാതെ പറിച്ചുനട്ടിട്ടുണ്ട് എന്നതു മാത്രമാണ് എടുത്തുപറയത്തക്ക വ്യത്യാസം.

നാടോടികളില്‍ സമുദ്രക്കനി സൂക്ഷിച്ചുവച്ചിരിക്കുന്ന സൌഹൃദത്തിന്റെയും കരുതലിന്റെയും ഊര്‍ജമോ തീക്ഷ്‌ണതയോ അതേയളവില്‍ പ്രസരിപ്പിക്കാന്‍ തിരക്കഥയും സംഭാഷണവും എഴുതി ഈ ചിത്രം സംവിധാനം ചെയ്‌ത രാജേഷ് കണ്ണങ്കരയ്‌ക്ക് കഴിഞ്ഞിട്ടില്ല. നാടോടികള്‍ കണ്ട പ്രേക്ഷകര്‍ക്കായി മലയാളം പതിപ്പില്‍ അദ്ഭുതങ്ങളൊന്നും കരുതി വച്ചിട്ടുമില്ല അദ്ദേഹം. വിവര്‍ത്തകന്‍ എന്ന നിലയില്‍ രാജേഷ് കണ്ണങ്കരയ്‌ക്ക് പാസ്‌മാര്‍ക്ക് (അതില്‍ കൂടുതല്‍ ഇല്ല) കൊടുക്കാമെങ്കിലും ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അഭിമാനിക്കാവുന്ന എന്തെങ്കിലും ഇതു നമ്മുടെ കഥയില്‍ ഉണ്ടെന്നു തോന്നുന്നില്ല.

കൊച്ചുമോനെ അവതരിപ്പിച്ച അഭിഷേകിന്റെ അഭിനയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം നസീറിന്റെ പേരും എടുത്തു പറയാം. മറ്റുള്ളവരെല്ലാം ശരാശരിവരയുടെ അപ്പുറവും ഇപ്പുറവുമായി നില്‍ക്കുന്നു. നാടോടികളിലും ഇതു നമ്മുടെ കഥയിലും ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച അനന്യ പോലും തമിഴിലെ മെച്ചപ്പെട്ട പ്രകടനം മലയാളത്തില്‍ പുറത്തെടുത്തില്ല.

SECOND THOUGHTS
തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നന്നായി സ്വീകരിക്കപ്പെടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌ത ചിത്രമാണ് നാടോടികള്‍. നല്ല സിനിമ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം തന്നെ തിയറ്ററിലും ഡി വി ഡികളിലുമായി അതു കാണുകയും ചെയ്തു കഴിഞ്ഞു. അങ്ങനെയൊരു സിനിമ പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്നത് സാമ്പത്തികമായി disastrous ആയ തീരുമാനമായിപ്പോയി എന്നാണ് എന്റെ എളിയ വിശ്വാസം. (എന്റെ വിശ്വാസം തെറ്റാകട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.)

ഏറെക്കുറേ ഒഴിഞ്ഞ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓര്‍ത്തുപോയത് ഫര്‍ഹന്‍ അക്‍തറിന്റെ ഡോണ്‍ റീമേക്കിനെക്കുറിച്ചാണ്. അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ വന്ന ഡോണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം (1978, Chandra Barot‌) 2006-ല്‍ ഷാരുഖ് ഖാനെ ഡോണ്‍ ആക്കി ഫര്‍ഹാന്‍ അക്തര്‍ റീമേക്ക് ചെയ്‌തപ്പോള്‍, ബോക്സ് ഓഫീസ് മണികള്‍ക്ക് വിശ്രമം കൊടുക്കാതിരുന്ന മറ്റൊരു ക്രൌഡ് പുള്ളറായി മാറിയതിന്റെ പ്രധാന കാരണം ബുദ്ധിപൂര്‍വം അതില്‍ വരുത്തിയ ചില മാറ്റങ്ങളായിരുന്നു. നാടോടികളുടെ പ്ലോട്ടിനെ കീഴ്‌മേല്‍ മറിക്കുന്ന ചില മാറ്റങ്ങള്‍ ഇതു നമ്മുടെ കഥയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതു ശരിക്കും നമ്മുടെ കഥയായി മാറുമായിരുന്നു.

LAST WORD
നമുക്കറിയാത്ത ഭാഷയില്‍ നിന്ന് അത്ര വിദഗ്ദ്ധമല്ലാത്ത കരങ്ങള്‍ കൊണ്ട് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു സാഹിത്യകൃതി സ്വന്തം ഭാഷയില്‍ വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം എന്താണോ, അതാണ് രാജേഷ് കണ്ണങ്കരയുടെ ഇതു നമ്മുടെ കഥ കാണികള്‍ക്ക് നല്‍കുന്നത്. തിയറ്ററിലോ ഡി വി ഡിയിലോ (ഇംഗ്ലീഷ് സബ്‌ടൈറ്റിലുള്ള തമിഴ് ഡി വി ഡികള്‍ മാര്‍ക്കറ്റിലുണ്ട്) നാടോടികള്‍ കാണാന്‍ പറ്റാത്തവര്‍ക്കും തമിഴും ഇംഗ്ലീഷും മനസ്സിലാകാത്തവര്‍ക്കും ഇതു നമ്മുടെ കഥ ആസ്വാദ്യകരമായി തോന്നിയേക്കാം.