Monday, February 21, 2011

വിജയ് ‘വെരി വെരി സീരിയസ്’ ആണ്!



അടിയും തമാശയും പ്രണയവും മാത്രമല്ല ഇളയ ദളപതി വിജയ്‌യുടെ കൈമുതലെന്ന് തെളിയാന്‍ പോവുകയാണ്. തമിഴകത്തെ ഏറ്റവും ‘പോപ്പുലര്‍’ നോവലായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ എന്ന ചരിത്രകഥ മണിരത്നം സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ അതിലെ നായകനായ ‘വല്ലവരായന്‍ വണ്ടിയത്തേവ’നെ അവതരിപ്പിക്കാന്‍ നറുക്ക് വീണിരിക്കുന്നത് വിജയ്‌യിനാണ്. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ ചോള രാജവംശത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ വിജയ്‌യിനൊപ്പം വിക്രം, വിശാല്‍, തെലുങ്ക് താരം മഹേഷ് ബാബു എന്നിവരും അഭിനയിക്കും.

രാജരാജചോഴന്‍ എന്ന് പിന്നീട് പുകഴ്‌പെറ്റ അരുള്‍‌മൊഴിവര്‍മന്‍ എന്ന രാജകുമാരനെ ചോളരാജ്യത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും പട്ടാഭിഷേകം നടത്താനും വല്ലവരായന്‍ വണ്ടിയത്തേവന്‍ നടത്തുന്ന സാഹസിക പരിശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. രാജരാജചോഴന്റെ ജീവിതകഥയാണ് ഇതെങ്കിലും വല്ലവരായന്‍ വണ്ടിയത്തേവനാണ് കഥയിലെ നായകന്‍.

കല്‍‌ക്കി എന്ന തമിഴ് വാരികയില്‍ മൂന്നരക്കൊല്ലം സീരിയലൈസ് ആയി പ്രസിദ്ധീകരിച്ച 2400 പേജുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍‌വന്‍’. ഈ നോവല്‍ പ്രസിദ്ധീകരിച്ച സമയത്ത് കല്‍‌ക്കി വാരിക കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കല്‍‌ക്കി മാസികയുടെ ഉടമയായ ‘കല്‍‌ക്കി കൃഷ്ണമൂര്‍ത്തി’യാണ് പൊന്നിയന്‍ സെല്‍‌വന്റെ രചയിതാവ് എന്ന കാര്യം കൌതുകകരമാണ്.

രാജരാജചോഴനായി വിക്രമാണ് അഭിനയിക്കുന്നത് എന്നറിയുന്നു. നൂറുകണക്കിന് കഥാപാത്രങ്ങളുള്ള ഈ നോവലിലെ ഏത് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് വിശാലിനും മഹേഷ് ബാബുവിനും നറുക്ക് വീഴുന്നത് എന്നറിയില്ല. ജീവന്‍ തുടിക്കുന്ന ഒരുപിടി സ്ത്രീ കഥാപാത്രങ്ങളും നോവലിലുണ്ട്. വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഇതിവൃത്തമാണ് ഇതെന്നതിനാല്‍ മണിരത്നം ഇപ്പോള്‍ കാസ്റ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ആരൊക്കെ, ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വരും നാളുകളില്‍ അറിയാം.

തമിഴകത്തെ പിടിച്ചുകുലുക്കിയ നോവലാണ് പൊന്നിയന്‍ സെല്‍‌വന്‍ എന്നതിനാല്‍ വിജയ്‌യിന് ലഭിച്ചിരിക്കുന്ന മഹാഭാഗ്യമാണ് ഇതിലെ നായക കഥാപാത്രം. ഇന്ത്യന്‍ സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്തത്ര ബിഗ് ബജറ്റാണ് ഈ സിനിമയുടേത്. ഡി‌എം‌കെ കുടുംബത്തിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ‘സണ്‍ പിക്ച്ചേഴ്സ്’ ഈ സിനിമ നിര്‍മിക്കും എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ റിലയന്‍സിന്റെ ‘ബിഗ് പിക്ച്ചേഴ്സ്’ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്ന് അറിവായിട്ടുണ്ട്.

തമിഴ് സിനിമയില്‍ ഡി‌എം‌കെ കുടുംബം നടത്തുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെ കഴിഞ്ഞ ദിവസം വിജയ് ആഞ്ഞടിച്ചിരുന്നു. ജയലളിതയുടെ എ‌ഐ‌എഡി‌എം‌കെ മുന്നണിയുമായി വിജയ് കൈകോര്‍ത്തിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ യന്തിരന്‍ നിര്‍മിച്ചത് ‘സണ്‍ പിക്ച്ചേഴ്സ്’ ആയിരുന്നു. പൊന്നിയിന്‍ സെല്‍‌വന്റെ ബജറ്റ് യന്തിരനേക്കാളും കൂടുതലാണ്. ഡി‌എം‌കെ കുടുംബത്തിന് മാത്രമല്ല ബിഗ് ബജറ്റ് സിനിമയെടുക്കാന്‍ കഴിയുക എന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ് വിജയ്‌യിന് ലഭിച്ചിരിക്കുന്നത്.

വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇപ്പോള്‍ ‘വെരി വെരി സീരിയസ്’ ആണ്!