മദനോത്സവം, ചാമരം തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായിക സെറീനാവഹാബ് മലയാളത്തില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. സലിംകുമാറിന്റെ നായികയാകുന്ന 'ആദമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലാണ് സെറീന വഹാബ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നത്.
ഹജ്ജ് ചെയ്യുക എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയും, അതിനായി ജീവിതസായാഹ്നത്തില്‍ ഏറെ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന അബ്ബുവിന്റെ ഭാര്യ 'ആയിശുമ്മ' എന്ന കഥാപാത്രത്തെയാണ് സെറീനാ വഹാബ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വടക്കേ മലബാറിലെ യാഥാസ്ഥിതിക മുസ്ലീം കുടുബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മതത്തിന്റെ മതില്‍ കെട്ടിനകത്തു ജീവിക്കുന്ന കഥാപാത്രമായാണ് സെറീനവഹാബ് എത്തുന്നത്.
വിവാഹശേഷം ഉമ്മയേയും കുടുംബത്തേയും ഉപേക്ഷിച്ചുപോയ മകന്റെ അമ്മയായും, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ളിലും ഹജ്ജുയാത്ര സ്വപ്‌നം കാണുന്ന ഭര്‍ത്താവിനു താങ്ങായും നില്‍ക്കുന്ന 'അയിശുമ്മ' എന്ന കഥാപാത്രം ഏറെ പ്രതീക്ഷ നല്‍കുന്നതായി സെറീന വഹാബ് പറഞ്ഞു.
കമലഹാസന്റേയും പ്രതാപ് പോത്തന്റേയും നായികായി വെള്ളിത്തിരയില്‍ തിളങ്ങിനിന്ന സറീനാ വഹാബിനെ കുട്ടിക്കാലത്ത് അതിശയത്തോടെ നോക്കി നിന്നിട്ടുണ്ടാവും. അവര്‍ തന്റെ നായികയായി അഭിനയിക്കുന്നത് ഒരംഗീകാരമായാണ് കരുതുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.
മധുഅമ്പാട്ട് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം നവാഗത സംവിധായകനായ സലിംഅഹമ്മദാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി അവസാനവാരം പ്രദര്‍ശനത്തിനെത്തും.