Sunday, January 23, 2011

ക്രിക്കറ്റ് കോച്ചായി കിര്‍മാനി മലയാള സിനിമയില്‍



ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായ സയ്യിദ് കിര്‍മാനി ക്രിക്കറ്റ് കോച്ചായി വെള്ളിത്തിരയിലെത്തുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ' എന്ന സിനിമയിലാണ് കിര്‍മാനി കോച്ചാവുന്നത്. സിനിമയുടെ ചിത്രീകരണം തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലും പരിസരത്തുമായി പുരോഗമിക്കുകയാണ്.
മുത്തപ്പന്‍ കടവ് ക്രിക്കറ്റ് അക്കാദമി ക്യാമ്പില്‍ കോച്ചായാണ് സിനിമയില്‍ കിര്‍മാനി വേഷമിടുന്നത്. ക്രിക്കറ്റും സംഗീതവും ബന്ധിപ്പിച്ചുകൊണ്ടുള്ള സിനിമയില്‍ കപില്‍ദേവ്, റോബിന്‍സിങ്ങ് എന്നിവരും താരങ്ങളാകും. സിനിമയില്‍ ഐ.പി.എല്‍.ടീം സെലക്ടറാണ്‌റോബിന്‍സിങ്ങ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും സംഗീതജ്ഞനുമായ അബ്ബാസ് മുസ്തഫ ഹസ്സനാണ് സിനിമയിലെ നായകന്‍.
കിര്‍മാനി മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. മുമ്പ് സന്ദീപ് പാട്ടീലിന്റെ ഹിന്ദി സിനിമയില്‍ അഭിനയിച്ചിരുന്നു. കന്നഡയിലും അഭിനയിച്ചു. പ്രത്യേക തയ്യാറെടുപ്പില്ലാതെയാണ് മലയാളത്തിലഭിനയിക്കാനെത്തിയതെന്ന് കിര്‍മാനി പറഞ്ഞു.
ടി.എ.റസാഖ് തിരക്കഥയെഴുതിയ സിനിമയില്‍ ആറ് പാട്ടുകളുണ്ട്. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് സംഗീതം നല്‍കുന്നത്. അര്‍ച്ചനകവി, നെടുമുടി വേണു, മാമുക്കോയ, സായ്കുമാര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും അഭിനയിക്കുന്നു. കണ്ണൂര്‍ സ്വദേശി കൃഷ്ണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോകുലം ഗോപാലനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കിര്‍മാനിക്ക് സ്വീകരണം നല്‍കുന്ന രംഗം ബുധനാഴ്ച വൈകീട്ട് കുയ്യാലി എം.സി. എന്‍ക്ലൈവില്‍ ചിത്രീകരിച്ചു. സായ്കുമാര്‍, മാമുക്കോയ, സ
ലിം കുമാര്‍, നാരായണന്‍ നായര്‍ എന്നിവരാണ് ചിത്രീകരണത്തില്‍ സംബന്ധിച്ചത്.