Monday, January 17, 2011

ചാക്കോച്ചന്‍ കുതിക്കുന്നു, ഇനി ജോഷി - ഷാജി കൈലാസ് ചിത്രങ്ങള്‍



അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍റേത്. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഈ യുവതാരം സിനിമാഭിനയം നിര്‍ത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പോയ ആളാണ്. രണ്ടുവര്‍ഷം വിട്ടുനിന്ന ശേഷം മടങ്ങിവന്ന ചാക്കോച്ചന്‍ ഹിറ്റുകള്‍ക്കു പിന്നാലെ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മമ്മി ആന്‍റ് മീ, സകുടുംബം ശ്യാമള, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ വിജയ ചിത്രങ്ങള്‍ ചാക്കോച്ചന്‍റേതായുണ്ടായിരുന്നു. ഈ വര്‍ഷം ട്രാഫിക്ക് എന്ന വന്‍ ഹിറ്റിലൂടെ വിജയകഥ ആവര്‍ത്തിക്കുന്നു.

ചോക്ലേറ്റ് ബോയ് എന്ന ഇമേജ് തകര്‍ത്തതാണ് കുഞ്ചാക്കോ ബോബന്‍റെ വിജയത്തിന് കാരണം. അനായാസമായ അഭിനയ ശൈലിയും ഈ യുവനടനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നു. ഇപ്പോഴിതാ ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍‌മാരായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്‍സ്’ ആണ് അതിലൊന്ന്. ചാക്കോച്ചനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍‌സില്‍ താരങ്ങളാണ്. ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്. ‘രണ്ട്’ എന്നാണ് ചാക്കോച്ചനെ നായകനാക്കി ജോഷി ചെയ്യുന്ന മറ്റൊരു സിനിമയുടെ പേര്. ഈ സിനിമയിലും ജയസൂര്യ ഒപ്പമുണ്ടാകും.

ഷാജി കൈലാസും ചാക്കോച്ചനെ ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജയസൂര്യ ഈ സിനിമയിലും ചക്കോച്ചനൊപ്പമുണ്ട്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടും‌പിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്. ഫാന്‍സിന്‍റെ ബഹളമോ അവകാശവാദങ്ങളോ ഇല്ലാതെ ചാക്കോച്ചന്‍ ഹിറ്റ് സിനിമകള്‍ തീര്‍ക്കുന്നു.