Thursday, January 6, 2011

മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!



മോഹന്‍ലാല്‍ എന്ന പേരിന് ബോക്സോഫീസില്‍ കോടികളുടെ വിലയാണുള്ളത്. 1984 മുതല്‍ ഇന്നു വരെ അതിന് മാറ്റമൊന്നുമില്ല. എന്നാല്‍ 2010 ലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നേരിട്ട വര്‍ഷമാണ്. മാത്രമല്ല, കടുത്ത പ്രതിസന്ധിയിലേക്ക് താരം വീണിരിക്കുകയാണ്.

ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.

ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.

വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.

ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍‌ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.

പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.

രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.