Monday, January 10, 2011

കേരളമാകെ കുഞ്ഞാട് തരംഗം!



വലിയ വിമാനം റാഞ്ചലുകള്‍. സിനിമാനടനാകാനുള്ള നെട്ടോട്ടം. ക്രിക്കറ്റ് കളിക്കാനായി കുറേ യുവാക്കളുടെ ബാംഗ്ലൂര്‍ യാത്ര. ഇതിനെല്ലാമിടയിലൂടെ ഒരു പാവം കുഞ്ഞാട് കുതിച്ചോടുന്ന കാഴ്ചയാണ് മലയാള സിനിമയുടെ ബോക്സോഫീസില്‍ കാണാനാവുന്നത്. അതേ, കാണ്ഡഹാറിന്‍റെയും ബെസ്റ്റ് ആക്ടറിന്‍റെയും ടൂര്‍ണമെന്‍റിന്‍റെയും കടുത്ത മത്സരങ്ങളെ അതിജീവിച്ച് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ മെഗാഹിറ്റായി മാറുന്നു.

കേരളമാകെ ‘കുഞ്ഞാട് തരംഗം’ അലയടിക്കുകയാണ്. റിലീസായ എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് കളിക്കുന്നത്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ഈ സിനിമ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്‍റെയും ബിജു മേനോന്‍റെയും തകര്‍പ്പന്‍ അഭിനയവും ഷാഫിയുടെ മികച്ച സംവിധാനവും ബെന്നി പി നായരമ്പലത്തിന്‍റെ പിഴവുകളില്ലാത്ത തിരക്കഥയുമാണ് സിനിമയുടെ വന്‍ വിജയത്തിന് കാരണം.

പുതിയ റിലീസായ ‘ട്രാഫിക്’ മികച്ച ത്രില്ലറെന്ന പേരു സമ്പാദിച്ചു. എല്ലാ കേന്ദ്രങ്ങളിലും ട്രാഫിക്കിന് നല്ല റിപ്പോര്‍ട്ടാണുള്ളത്. ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥ തന്നെയാണ് ട്രാഫിക്കിന്‍റെ വിജയത്തിനാധാരം. വന്‍ താരനിരയാണ് ട്രാഫിക്കിനുള്ളത്. ഈയാഴ്ചത്തെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെയാണ്.

1. മേരിക്കുണ്ടൊരു കുഞ്ഞാട്
2. ബെസ്റ്റ് ആക്ടര്‍
3. ടൂര്‍ണമെന്‍റ് - പ്ലേ ആന്‍റ് റീപ്ലേ
4. കാണ്ഡഹാര്‍
5. ട്രാഫിക്

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. മോഹന്‍ലാലിന്‍റെ കാണ്ഡഹാറിനെ കുടുംബപ്രേക്ഷകര്‍ തള്ളിക്കളഞ്ഞതാണ് കനത്ത പരാജയത്തിന് കാരണം. ലാലിന്‍റെ ടൂര്‍ണമെന്‍റിനും പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല.