Showing posts with label pinarai vijayan. Show all posts
Showing posts with label pinarai vijayan. Show all posts

Monday, December 13, 2010

വിഎസും പിണറായിയും സാന്‍ഡിയാഗോ മാര്‍ട്ടിനും സിനിമയില്‍



മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്നിവര്‍ സിനിമയില്‍. ഇതെന്താ ഇങ്ങനെയൊരു സിനിമ എന്നൊക്കെ ആലോചിച്ച് കാടുകയറേണ്ട ആവശ്യമില്ല. വി എസിനെയും പിണറായിയെയും മാര്‍ട്ടിനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ല്‍ വി എസിനെ അനുസ്മരിപ്പിക്കുന്ന മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് നെടുമുടി വേണുവാണ്. പിണറായിയെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറിയായി സായികുമാര്‍ അഭിനയിക്കുന്നു. വിവാദനായകനായ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനായി രംഗത്തെത്തുന്നത് തമിഴ് നടന്‍ രഞ്ജിത് ആണ്.

അടുത്തിടെ കോളിളക്കം സൃഷ്ടിച്ച ലോട്ടറി വിവാദം ആഗസ്റ്റ് 15ല്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാകുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു വധശ്രമവും അതിന്‍റെ നിജസ്ഥിതി അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍(മമ്മൂട്ടി) രംഗത്തെത്തുന്നതുമാണ് ആഗസ്റ്റ് 15ന്‍റെ പ്രമേയം. അടുത്ത വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.