Monday, February 7, 2011

മാര്‍ച്ച് 30: ചൈനാ ടൗണ്‍ X ആഗസ്റ്റ് 15

ഷാജി കൈലാസ് മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് 15ന്റെ റിലീസ് വീണ്ടും മാറിയിരിക്കുന്നു. ആദ്യം ക്രിസ്മസിനും പിന്നീട് ഫെബ്രുവരി മൂന്നിലേക്കും ചാര്‍ട്ട് ചെയ്ത ചിത്രം ഏറെ വൈകി മാര്‍ച്ച് 30ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം നിര്‍മാതാക്കളായ അരോമ ഫിലിംസ് തിയറ്ററുകളെ അറിയിച്ചു കഴിഞ്ഞു.

20 വര്‍ഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗമായാണ് ആഗസ്റ്റ് 15 റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 15ലെ പെരുമാളിലൂടെ ചെറിയൊരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

ഡേറ്റ് മാറ്റത്തെപ്പറ്റി ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമാണ് അരോമ മണിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദ്രോണയുടെ തിക്താനുഭവം ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഇതെന്ന് പറയുന്നവരും കുറവല്ല.

എന്തായാലും ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റം ഒരു വമ്പന്‍ പോരിനാണ് വഴിതുറന്നരിയ്ക്കുന്നത്. മാര്‍ച്ചില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന സിനിമകളുടെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം എത്തിപ്പെട്ടിരിയ്ക്കുന്നത്. ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ മൂവികളും പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയോടും മത്സരിയ്ക്കാനാണ് ഷാജി-മമ്മൂട്ടി സഖ്യം ഒരുങ്ങുന്നതെന്ന് ചുരുക്കം.

ക്രിസത്യന്‍ ബ്രദേഴ്‌സ്, ഉറുമി, ചൈനാ ടൗണ്‍ എന്നീ സിനിമകളെല്ലാം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തുന്നത്. ഇതില്‍ ചൈനാ ടൗണും ആഗസ്റ്റ് 15ഉം ഒരു ദിവസം റിലീസ് ചെയ്യുന്നു. ദിലീപ് -ജയറാം-മോഹന്‍ലാല്‍ ടീമിനെ മമ്മൂട്ടി-ഷാജി സഖ്യം എതിരിടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക പ്രയാസമാവും.