Monday, December 13, 2010

ഇലക്ട്ര കാണാന്‍ തിക്കും തിരക്കും



ചലച്ചിത്രോത്സവത്തില്‍ ശ്യാമപ്രസാദിന്‍റെ ഇലക്ട്രയുടെ സ്ക്രീനിങ്ങിനെത്തിയ കാണികളുടെ തിക്കും തിരക്കും കൈരളി തിയെറ്ററില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആരാധകരുടെ തള്ളിക്കയറ്റത്തില്‍ കൈരളി തിയേറ്ററിന്‍റെ ഗ്ലാസ് ഡോറുകള്‍ തകര്‍ന്നു. പതിനൊന്നരയ്ക്കാണ് ചിത്രം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ പത്തുമണിക്കു മുന്‍പുതന്നെ തിയെറ്ററിനു മുന്നില്‍ തിരക്ക് തുടങ്ങി. പൊലീസെത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. വാതില്‍ തുറന്നതോടെ ഡെലിഗേറ്റുകള്‍ തിയേറ്ററിനുള്ളിലേക്കു തള്ളിക്കയറി. രണ്ടു ഗ്ലാസ് ഡോറുകള്‍ തകര്‍ന്നു വീണു. താഴെ സീറ്റുകള്‍ നിറഞ്ഞതോടെ ഡെലിഗേറ്റുകള്‍ ബാല്‍ക്കണിയേലക്കു കയറാന്‍ ശ്രമിച്ചു. ഇവിടെ സീറ്റുകള്‍ റിസര്‍വ് ചെയ്തവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ റിസര്‍വ് ചെയ്യാത്തവരും ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിച്ചതോടെ വോളന്‍റിയര്‍മാരും ഡെലിഗേറ്റുകളുമായി തര്‍ക്കമായി.
ഇതു സംഘര്‍ഷത്തിന്‍റെ വക്കിലെത്തിയതോടെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രി
ച്ചു.
ഇതിനിടെ തകര്‍ന്ന വാതിലുകളില്‍ സംവിധായകന്‍ അരവിന്ദന്‍റെ ചിത്രങ്ങള്‍ പതിച്ച സംഘാടകരുടെ നടപടി വീണ്ടും തര്‍ക്കങ്ങള്‍ക്കു കാരണമായി. അരവിന്ദനെ അപമാനിക്കുന്നതാണ് തിയേറ്റര്‍ അധികൃതരുടെ നടപടിയെന്ന ആരോപണവുമായി സിനിമാപ്രേമികള്‍ രംഗത്തെത്തി. ഒടുവില്‍ ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാപോള്‍ ഇടപെട്ടതോടെയാണ് അരവിന്ദന്‍റെ ചിത്രങ്ങള്‍ മാറ്റിയത്.